വടകര: ടി.പി ചന്ദ്രശേഖരനെ അപകീര്‍ത്തിപെടുത്തിയെന്ന് ആരോപിച്ച് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ സി ഭാസ്‌കരനെതിരെ ആര്‍.എം.പി നേതാവ് കെ.കെ രമ ഫയല്‍ചെയ്ത മാനനഷ്ടക്കേസ് കോടതി തള്ളി. കെ.കെ രമ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസ് തള്ളിയത്. ടി.പി വധക്കേസില്‍ ജയിലിലായിരുന്ന പി മോഹനന് വടകര കോട്ടപ്പറമ്പില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ 2014 ഫെബ്രുവരിയിലാണ് ടി.പി ചന്ദ്രശേഖരന് പരസ്ത്രീ ബന്ധം ആരോപിച്ചുകൊണ്ട് സി ഭാസ്‌കരന്‍ പ്രസംഗിച്ചത്. കൂടാതെ ആര്‍.എം.പി നേതാവ് ഇടക്കുടി രാധാകൃഷ്ണനെതിരെ വധഭീഷണിയും മുഴക്കിയിരുന്നു. ഇതിനെതിരെയാണ് രമ കേസ് ഫയല്‍ചെയ്തത്. ആദ്യം വടകര കോടതിയിലായിരുന്ന കേസ് പിന്നീട് നാദാപുരം കോടതിയിലേക്ക് മാറ്റിയിരുന്നു. മുന്‍പ് കേസില്‍ ഹാജരായിരുന്നെങ്കിലും പിന്നീട് നാദാപുരം കോടതിയില്‍ കഴിഞ്ഞ കുറച്ചു സിറ്റിങ്ങുകളില്‍ രമ ഹാജരായിരുന്നില്ല. ഇന്നലെ കേസ് പരിഗണിച്ച കോടതിയില്‍ രമയുടെ അഭിഭാഷകന്‍ ഹാജരാകാന്‍ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി കേസ് തള്ളുകയായിരുന്നു. ഇതുസംബന്ധിച്ച് മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കെ.കെ രമ വ്യക്തമാക്കി