pralayam
പെരിഞ്ചല്ലൂർ സംഗീതസഭ നൽകിയ പശുക്കളെ മാനന്തവാടി നഗരസഭാ ചെയർമാൻ വി ആർ പ്രവീജ് കർഷകർക്ക് കൈമാറുന്നു

മാനന്തവാടി: പ്രളയക്കെടുതിയിൽ സർവ്വവും നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘത്തിലെഅഞ്ച് കർഷകർക്ക് തളിപ്പറമ്പ് പെരിഞ്ചല്ലൂർ സംഗീതസഭയുടെ സഹായ ഹസ്തം. ദുരിതത്തിലായ കർഷകർക്ക്സഭ കറവപശുക്കളെ നൽകി. .

പ്രളയത്തിൽ കുടുംബത്തിന്റെ പ്രധാനവരുമാനമാർഗ്ഗമായ പശുവും കിടാക്കളും നഷ്ടപ്പെട്ട കണിയാരം സ്വദേശിനി മേഴ്‌സി ജോയി, . പ്രളയത്തെതുടർന്ന് പശുചത്തുപോയപ്പോൾ ദുരവസ്ഥയിലായ പെരുവക സ്വദേശിനി ഷീജ, വെള്ളപ്പൊക്കത്തെതുടർന്ന് പശുവും തൊഴുത്തും നഷ്ടപ്പെട്ട മക്കിക്കൊല്ലിയിലെ സേവ്യർ, ഉരുൾപൊട്ടലിനെ തുടർന്ന് വീടും തൊഴുത്തും കൃഷിസ്ഥലവും നഷ്ടപ്പെട്ട് ക്യാമ്പിലേക്ക് പോകുമ്പോൾ പശുക്കളെ കിട്ടുന്ന വിലയ്ക്ക് ഒഴിവാക്കേണ്ടിവന്ന പഞ്ചാരക്കൊല്ലിയിലെ വിനോദിനി, പട്ടികവർഗ്ഗ വിഭാഗക്കാരിയായ ലീല എന്നിവർക്കാണ് സഭ കൈത്താങ്ങായത് .മേഴ്‌സി ജോയിയുടെഭർത്താവ് കാൻസർ രോഗിയാണ്.

മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റും നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പി ടി ബിജുഇവരുടെ പ്രയാസങ്ങൾ അറിയിച്ചു.തുടർന്ന് പെരിഞ്ചല്ലൂർ സംഗീതസഭയുടെ നേതൃസ്ഥാനം വഹിക്കുന്ന വിജയ് നീലകണ്ഠന്റെ നേതൃത്വത്തിൽ മികച്ച ഇനം കറവ പശുക്കളെ നൽകുകയായിരുന്നു. പ്രളയത്തെതുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്നരണ്ട് പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ മാനന്തവാടി ക്ഷീരസംഘം 'ഡൊണേറ്റ് കൗ' പദ്ധതി പ്രകാരം പശുക്കളെ നൽകിയിരുന്നു. കൽപ്പറ്റ ഡയറി എക്സ്റ്റൻഷൻ ഓഫീസർ ഹർഷ തുടക്കം കുറിച്ച പദ്ധതി പ്രകാരം വയനാട്ടിൽ ഒട്ടനവധി ക്ഷീരകർഷകർക്ക് അനുഗ്രഹമായി. പ്രളയകാലത്ത് 22 ലോഡ് വൈക്കോൽ, 35 ലോഡ് ചോളപുല്ല് എന്നിവ മിതമായ നിരക്കിൽ ക്ഷീരകർഷകർക്ക് മാനന്തവാടി ക്ഷീരസംഘംതമിഴ്‌നാട്ടിൽ നിന്നും എത്തിച്ച് നൽകി. വിജയ് നീലകണ്ഠന്റെ നേതൃത്വത്തിൽ പെരിഞ്ചല്ലൂർ സംഗീതസഭ നൽകിയ പശുക്കളെ മാനന്തവാടി നഗരസഭാ ചെയർമാൻ വി ആർ പ്രവീജ് കർഷകർക്ക് കൈമാറി. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലില്ലി കുര്യൻ, വർഗ്ഗീസ് ജോർജ്ജ്, വെറ്ററിനറി സർജൻ ഡോ.സുനിൽ, മഹാത്മാ റെസിഡന്റ് അസോസിയേഷൻ പ്രസിഡണ്ട് ദേവദാസ്, ഉണ്ണി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. സംഘം പ്രസിഡന്റ് പി ടി ബിജു സ്വാഗതവും ഡയറക്ടർ തോമസ് നന്ദിയും പറഞ്ഞു. ക്ഷീരസംഘം ഡയറക്ടർമാർ, ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.