വടകര: കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ജനിക്കുന്നതിന് മുമ്പ് നവോത്ഥാന മുന്നേറ്റത്തിന് കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ടെന്നും ശബരിമലയുടെ പേര് പറഞ്ഞ് തങ്ങളെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നവോത്ഥാനം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേളപ്പജിയും കെ.പി. കേശവമേനോനും ടി.കെ. മാധവനും നയിച്ച വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങൾ കോൺഗ്രസിന്റെ സമരമായിരുന്നു. അതിലെ വോളണ്ടിയർമാർ മാത്രമായിരുന്നു കൃഷ്ണപിള്ളയും എ.കെ.ഗോപാലനും. സി.പി.എം-ബി.ജെ.പി അക്രമ രാഷ്ട്രീയത്തിനെതിരെ 'സ്വസ്ഥം വടകര' എന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകര കോട്ടപ്പറമ്പിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.