ck-nanu-mla
വടകര മാതൃക

വടകര:സേവിന്റെയും നഗരസഭയുടെയും പ്രവർത്തനങ്ങളിലൂടെ മാലിന്യനിർമ്മാർജ്ജനത്തിൽ വടകരസംസ്ഥാനത്തിന് മാതൃകയാണെന്ന് സി. കെ. നാണു എം.എൽ.എ പറഞ്ഞു.'സീറോ വേസ്റ്റ് കോഴിക്കോടിനു വേണ്ടി സേവിന്റെ നേതൃത്വത്തിൽ ശുചിത്വ സാക്ഷരത സ്കൂളുകളിൽ നടപ്പാക്കുന്നതിന്റെ വടകര വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ജില്ലയിലെ 150 വിദ്യാലയങ്ങളിലെ പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്റർമാരായ അധ്യാപകർക്കുള്ള ശിൽപശാലയായിരുന്നു വേദി. 25 ടണ്ണിലേറെ പ്ലാസ്റ്റിക് മാലിന്യമാണ് 2014ൽ സേവ് ശേഖരിച്ച് സംസ്കരണത്തിന് അയച്ചത്. ശിൽപ്പശാലയിൽ പങ്കെടുത്ത ഓരോ അദ്ധ്യാപകരും തങ്ങളുടെ സ്കൂളുകളിലെ ഓരോ ക്ലാസ്സിൽനിന്നും പരിസ്ഥിതി വിഷയത്തിൽ താല്പര്യമുള്ള ഓരോ വിദ്യാർത്ഥിയെ തെരഞ്ഞെടുത്ത് ശുചിത്വ സാക്ഷരത പരിശീലനം നൽകും. .പരിശീലനത്തിനൊടുവിൽ നടക്കുന്ന മൂല്യനിർണയത്തിൽ മികച്ച ഗ്രേഡ് ലഭിക്കുന്ന വിദ്യാർത്ഥികളെ ഹരിത അംബാസിഡർമാരായി പ്രഖ്യാപിക്കും. പാഴ് വസ്തുക്കൾ വലിച്ചെറിയുന്നത് നിരുത്സാഹപ്പെടുത്തുക, സ്കൂൾ കോമ്പൗണ്ടിൽ സംസ്കരിക്കുന്നതിന് ജൈവവസ്തുക്കൾസ്കൂൾ ഒരുക്കുന്ന സംവിധാനത്തിലേക്ക് മാറ്റുക, അജൈവ വസ്തുക്കൾ തരംതിരിച്ച് വൃത്തിയാക്കി ക്ലാസിൽ സൂക്ഷിച്ച് സ്കൂളിൽ ഒരുക്കുന്ന സംസ്കരണകേന്ദ്രത്തിലേക്ക് മാറ്റുക എന്നി പ്രവർത്തനങ്ങൾക്ക് ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളെയും സജ്ജരാക്കുകയാണ് ഇവരുടെ ചുമതല. വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ.സുരേഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു. പ്രൊഫ. ശോഭീന്ദ്രൻ ഹരിത സന്ദേശം നൽകി.ഡി.ഇ.ഒ.സി. മനോജ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ കെ.ആർ.അജിത്ത്, സേവ് ജില്ലാ കോഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ , ശുചിത്വമിഷൻ അസിസ്റ്റൻറ് കോ-ഓർഡിനേറ്റർ കെ. കുഞ്ഞിരാമൻ, അബ്ദുള്ള സൽമാൻ, എൻ. വേണുഗോപാൽ, യു.കെ. ഏകനാഥൻ, നിർമ്മല ജോസഫ്, സി.പി. കോയ, സിൽവി സെബാസ്റ്റ്യൻ, പ്രമോദ് മണ്ണടത്ത് തുടങ്ങിയവർ സംസാരിച്ചു. തൂണേരി ബി.ആർ.സി ട്രെയിനർ വി.ജെ. സത്യജിത്ത് ശില്പശാലയ്ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ ആവശ്യമായ ഐ.ടി വിഭവങ്ങൾ അദ്ധ്യാപകർക്ക് കൈമാറി