ദുബായ്: കേരള സഹകരണ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള ആഗോള സഹകരണ കോൺഗ്രസ് - 2018 ഇന്ന് ദുബായിൽ നടക്കും. കേരളത്തിലെ വിവിധ സഹകരണ സംഘങ്ങളിൽ നിന്നായി മുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒരു ജില്ലയിൽനിന്ന് 20 പ്രതിനിധികൾ എന്ന നിലയിലാണ് സമ്മേളനത്തിന് എത്തുന്നത്. മനുഷ്യാധ്വാനംകൊണ്ട് ലോക നഗരമായി വളർന്ന ദുബായിലെ വികസന പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും അവ സഹകരണ മേഖലയിലേക്ക് എങ്ങനെ സ്വാംശീകരിക്കാം എന്ന് പരിശോധിക്കുകയും സമ്മേളനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടൽ ഗ്രാൻഡ് എക്‌സൽഷ്യറിൽ നടക്കുന്ന സമ്മേളനം കെ. മുരളീധരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ മുഖ്യ പ്രഭാഷണം നടത്തും. എം.എസ്. കുമാർ, ഡോ. സിദ്ധിഖ് അഹമ്മദ് എന്നിവർ സംസാരിക്കും.
'സഹകരണരംഗം ഇന്ന്, നാളെ' എന്ന വിഷയത്തിലുള്ള സെമിനാർ കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും. സി.പി. ജോൺ മുഖ്യ പ്രഭാഷണം നടത്തും.ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. എം.പി. സാജു, ഫിറോസ് കലാംമ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.