കൽപ്പറ്റ:ട്രാൻസ്‌ഫോർമേഷൻ ഓഫ് ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ അടുത്തഘട്ടമായി വയനാട് ജില്ലയ്ക്കായി ഡിസ്ട്രിക്ട് പ്ലാൻ തയ്യാറാക്കി സമർപ്പിക്കാൻ കേന്ദ്ര നിർദ്ദേശം. പദ്ധതിയുടെ നോഡൽ ഓഫീസർ വി.പി ജോയിയുടെ അദ്ധ്യക്ഷതയിൽ ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദ്ദേശം. നിലവിൽ ജില്ലയിലെ പിന്നോക്ക മേഖലകൾ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കണം. തുടർന്ന് മാനദണ്ഡങ്ങൾ പാലിച്ച് അനുയോജ്യമായ സർക്കാർ പദ്ധതികളിലൂടെ അത്തരം മേഖലകളുടെ വികസനത്തിനായി കർമ്മപരിപാടികൾ ആവിഷ്‌കരിക്കണം. സ്‌കീം അനുസരിച്ച് പ്രൊപ്പോസൽ നൽകിയാൽ പണം ലഭ്യമാക്കുമെന്നും അതിനായി വേണ്ട നടപടിക്രമങ്ങൾ ഉദ്യോഗസ്ഥർ പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആസ്പിരേഷൻ ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാരിനു മുന്നിലെത്തുന്ന നിർദ്ദേശങ്ങൾക്ക് പ്രത്യേക പരിഗണ ലഭിക്കുമെന്ന അവസരം പ്രയോജനപ്പെടുത്തണമെന്നും വി.പി. ജോയ് പറഞ്ഞു. അടുത്തഘട്ടത്തിൽ ഓൾ ഇന്ത്യ ഏജൻസി ജില്ല സന്ദർശിച്ച് ദേശീയ തലത്തിൽ പ്രവർത്തന പുരോഗതി വിലയിരുത്തും. നിലവിൽ രാജ്യത്തെ 115 ആസ്പിരേഷൻ ഡിസ്ട്രിക്ടുകളിൽ ജില്ലയുടെ സ്ഥാനം അഞ്ചാമതാണ്.
ആഗസ്റ്റിലെ റാങ്കിംഗ് അനുസരിച്ച് ആരോഗ്യമേഖലയിൽ ജില്ല 40-ാം സ്ഥാനത്താണ്. മേഖലയിൽ ജില്ല നേരിടുന്ന പ്രധാനപ്രശ്‌നം ആദിവാസി മേഖലകളിലെ കുട്ടികളിലെ പോഷകാഹാരകുറവാണ്. വിദ്യാലയങ്ങളിൽ നിന്നും പ്രളയാനന്തരം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും മറ്റുജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ കുറവാണ്. ആദിവാസി മേഖലയിലെ സ്ത്രീ സാക്ഷരതയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പദ്ധതികൾ ആവീഷ്‌കരിക്കും. കാർഷിക - ജലസേചന മേഖലയിൽ 68-ാം സ്ഥാനവും ജനങ്ങളുടെ സാമ്പത്തിക വികസന സൂചികയുമായി ബന്ധപ്പെട്ട് 102-ാം സ്ഥാനവുമാണ് ജില്ലയ്ക്ക്. നൈപുണ്യ വികസനത്തിൽ ആദ്യ സ്ഥാനത്താണെങ്കിലും ജില്ലയിലെ ആദിവാസി മേഖലയിലെ യുവതി - യുവാക്കൾക്കായി തൊഴിൽ പരിശീലനത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. കൂടുതൽ ഐ.ടി.ഐകൾ സ്ഥാപിക്കാനുള്ള നിർദ്ദേശങ്ങൾ ഡിസ്ട്രിക്ട് പ്ലാനിൽ ഉൾപ്പെടുത്തും. മാനദണ്ഡങ്ങൾ പാലിച്ച് നൈപുണ്യ വികസനത്തിനായി സ്‌കീം തയ്യാറാക്കും. പ്രളയനാന്തരം വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതാണ് അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പ്രതിസന്ധി. നിലവിൽ ജില്ല ഈ മേഖലയിൽ ആറാം സ്ഥാനത്താണ്. മാനദണ്ഡങ്ങൾ പാലിച്ച് പ്രധാൻ മന്ത്രി ആവാസ് യോജനയിൽ കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തും. ടൂറിസവുമായി ബന്ധപ്പെട്ട് നൈപുണ്യവികസനത്തിനായി പദ്ധതികൾ ആലോചിക്കാനും നിർദ്ദേശമുണ്ട്. യോഗത്തിൽ ജില്ലാ കളക്ടർ എ.ആർ അജയകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.എം. സുരേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.