കൽപ്പറ്റ: വയനാട് പ്രസ് ക്ളബിൽ വീണ്ടും മാവോയിസ്റ്റ് ബുളളറ്റിൻ.മാവോയിസ്റ്റ് മുഖപത്രമായ 'കനൽപ്പാത"യാണ് തപാലിൽ ഇന്നലെ പ്രസ് ക്ളബിൽ എത്തിയത്.ഇതിൽ സർക്കാരിന്റെ കീഴടങ്ങൽ പാക്കേജ് തള്ളിക്കൊണ്ടുളള മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട വിഭാഗത്തിന്റെ നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ കുറിപ്പോടു കൂടിയാണ് ബുളളറ്റിൻ പ്രസ് ക്ലബ്ബിലേക്ക് അയച്ചത്. സി.പി.എമ്മിന്റെ ശത്രുക്കളെ കൂട്ടുപിടിച്ച് മാവോയിസ്റ്റുകളെ കൊന്നൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ലേഖനത്തിൽ പറയുന്നു. സർക്കാരിന്റെ മാവോയിസ്റ്റ് കീഴടങ്ങൽ പാക്കേജ് സംബന്ധിച്ചുള്ള എതിർപ്പുകളും കർഷക ആത്മഹത്യകൾ, ഭക്ഷ്യ സുരക്ഷാ നിയമം, മുത്തങ്ങ ഭൂസമരം എന്നിവയെല്ലാം പരാമർശിക്കുന്ന ലേഖനങ്ങളാണ് കനൽപ്പാതയിലുള്ളത്. ലേഖനത്തിലൂടെ സായുധവിപ്ലവത്തിനും ആഹ്വാനം ചെയ്യുന്നുമുണ്ട്.

'പ്രിയ മാദ്ധ്യമ സുഹൃത്തുക്കൾക്ക് ലാൽസലാം" എന്ന് അഭിസംബോധന ചെയ്ത ചെറിയ കുറിപ്പോടെയാണ് കനൽപ്പാത ലക്കങ്ങൾ തപാലിൽ അയച്ചിരിക്കുന്നത്. വായിക്കുകയും വാർത്തയാക്കുകയും ചെയ്യണമെന്ന അഭ്യർത്ഥനയും കൂടെയുണ്ട്. മാവോയിസ്റ്റുകളെ നേരിടാൻ മൂന്ന് വട്ടമല്ല, മുന്നൂറ് വട്ടം ചർച്ച നടത്താൻ പിണറായിയും നരേന്ദ്ര മോദിയും റെഡിയാണ്.കേരളത്തിലെ ജനങ്ങൾക്ക് റേഷൻ കിട്ടാൻ വേണ്ടി പിണറായി വിജയൻ മൂന്ന് വട്ടം നരേന്ദ്രമോദിയെ കാണാൻ പോയി. മൂന്ന് വട്ടവും മോദി ഒളിച്ച് കളഞ്ഞു.എന്നാൽ മാവോയിസ്റ്റുകളെ നേരിടാൻ എത്ര പണം വേണമെങ്കിലും നൽകാൻ മോദി തയ്യാറുമാണ്.അത് സ്വീകരിക്കാൻ പിണറായി വിജയനും തയ്യാർ. ഇതു രണ്ടും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് ബുളളറ്റനിൽ കുറ്റപ്പെടുത്തുന്നു.