കോഴിക്കോട്: താമരശേരി ചുരം റോഡിലെ ഇടിഞ്ഞ ഭാഗത്തെ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മാണം ഒരാഴ്ച്ചയ്ക്കുള്ളിൽ പൂർത്തിയാകും. ഇടിഞ്ഞ ഭാഗത്തും സംരക്ഷണ ഭിത്തിക്കുമിടയിൽ ക്വാറി മിശ്രിതവും മണ്ണും ഇട്ട് നികത്തുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞാലുടൻ സംരക്ഷണ ഭിത്തിയുടെ ഇരുഭാഗവും നിലവിലുള്ള ഭിത്തിയിലേക്ക് യോജിപ്പിക്കുന്ന കരിങ്കൽ കെട്ടിന്റെ പ്രവൃത്തിയും ആരംഭിക്കും. ഡിസംബർ അവസാനത്തോടെ ടാറിങ് അടക്കമുള്ള മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) എക്‌​സിക്യുട്ടീവ് എഞ്ചിനീയർ കെ. വിനയരാജ് പറഞ്ഞു.

1.86 കോടി ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തിയാക്കുന്നത്.
ഇടിഞ്ഞ ഭാഗത്ത് പൈലിങ് നടത്തി ഉറച്ച പ്രതലത്തിൽ 90 സെന്റിമീറ്റർ വരെ കനത്തിലുള്ള ബേസ്സ്‌​ലാബ് നിർമ്മിച്ച് അതിന് മേലെയാണ് കോൺക്രീറ്റ് സംരക്ഷണഭിത്തി. മുകളിലിടുന്ന മണ്ണിന്റെ ഭാരവും കൂടെ ഉപയോഗപ്പെടുത്തി സംരക്ഷണം ലഭ്യമാകുന്ന രീതിയിലാണ് നിർമ്മാണം. 90 മുതൽ 40 സെന്റിമീറ്റർ കനത്തിൽ നിർമ്മിക്കുന്ന ഭിത്തിക്ക് എട്ട് മീറ്റർ ഉയരവും 40 മീറ്റർ നീളവുമുണ്ട്. ഭിത്തിയുടെ നിർമ്മാണവും മണ്ണിട്ട നികത്തലും കഴിഞ്ഞാൽ ഈ ഭാഗത്തുകൂടെ വാഹനങ്ങൾ കടത്തിവിട്ട് മറുഭാഗത്തെ ഓവുചാൽ പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ നടത്തും. തുടർന്ന് ഏറ്റവും അവസാനമാണ് റോഡ് ടാറിംഗ് നടത്തുകയെന്നും എക്‌സിക്യുട്ടീവ് എൻജീനീയർ പറഞ്ഞു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. ഒന്നരമാസമായി നിലക്കാതെ തുടരുന്ന പ്രവൃത്തിക്ക് 35​ലധികം തൊഴിലാളികളാണ് ഓരോ ദിവസവും ജോലി ചെയ്യുന്നത്. ജൂൺ 14നുണ്ടായ കനത്ത മഴയിലാണ് ചുരം റോഡിൽ ഒന്നാം വളവിനും ചിപ്പിലിത്തോടിനുമിടയിൽ റോഡ് ഇടിഞ്ഞ് ഗതാഗതം പൂർണമായി നിലച്ചത്. തുടർന്ന സമീപത്തുകൂടെ താൽക്കാലിക റോഡ് നിർമ്മിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. വലിയ ചരക്കു വാഹനങ്ങൾക്കുള്ള നിയന്ത്രണം കഴിഞ്ഞ ദിവസം നീക്കിയിരുന്നു.