mt

കോഴിക്കോട്: രണ്ടാമൂഴം തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് എം.ടി വാസുദേവൻ നായർ കോഴിക്കോട് മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത കേസ് നവംബർ 7 ലേക്ക് മാറ്റി.കേസിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മദ്ധ്യസ്ഥനെ വയ്ക്കണമെന്നും സംവിധായകൻ ശ്രീകുമാരൻ മേനോൻ അഭിഭാഷകൻ മുഖേന ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മാറ്റിയത്.ഇരു കക്ഷികളും ആവശ്യപ്പെടുകയാണെങ്കിൽ കേസ് അതിന് മുമ്പ് പരിഗണിക്കാനും സാദ്ധ്യത ഉണ്ട്.

സംവിധായകൻ എം.ടിയുമായി ഉണ്ടാക്കിയ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് തിരക്കഥ തിരികെ ലഭിക്കാൻ ഒക്ടോബർ 11ന് എം.ടി കോടതിയെ സമീപിച്ചത്.ഇംഗ്ളീഷിലും മലയാളത്തിലുമുള്ള തിരക്കഥയാണ് എം.ടി സംവിധായകൻ ശ്രീകുമാരൻ മേനോന് കൈമാറിയത്.ഇതിനിടെ ശ്രീകുമാരൻ മേനോൻ എം.ടിയുടെ വീട്ടിൽ എത്തി സിനിമ നിർമിക്കാൻ ഇതുവരെ നടത്തിയ ശ്രമങ്ങൾ നേരിട്ട് ബോദ്ധ്യപ്പെടുത്തിയിരുന്നു.എം. ടി പ്രതികരിച്ചില്ലെങ്കിലും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് ശ്രീകുമാരൻ മേനോൻ വെളിപ്പെടുത്തിയിരുന്നു

ആയിരം കോടി രൂപ മുടക്കി ബി. ആർ ഷെട്ടിയാണ് സിനിമ നിർമിക്കാൻ തയ്യാറായത്.