കോഴിക്കോട്: കേരളത്തിലുണ്ടായ ഏറ്റവും പ്രതിലോമകരമായ സമരമാണ് ശബരിമലയിൽ നടക്കുന്നതെന്ന് പ്രൊഫ. എം.എൻ കാരശ്ശേരി പറഞ്ഞു.കോഴിക്കോട് ടൗൺ ഹാളിൽ കുന്നിക്കൽ നാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല പ്രശ്നത്തിൽ ആചാരം ലംഘിക്കാൻ പാടില്ലെന്നാണ് സ്ത്രീകൾ പോലും പറയുന്നത്. എന്നാൽ അവരിന്ന് മാറു മറയ്ക്കുന്നത്, വീടിന് പുറത്തിറങ്ങാൻ തുടങ്ങിയത്, സ്വന്തം അഭിപ്രായം ഉച്ചത്തിൽ പറയുന്നത്, അറിവ് നേടിയത് എല്ലാം ആചാരങ്ങൾ ലംഘിക്കാൻ തുടങ്ങിയപ്പോഴാണ്. ജനങ്ങളെ ജനങ്ങൾക്കെതിരായി ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ജനാധിപത്യത്തിന്റെ അപകടമെന്ന് കാരശ്ശേരി പറഞ്ഞു. 1000 പുരുഷന് 1021 സ്ത്രീ എന്ന അനുപാതമാണ് കേരളത്തിൽ. എന്നാൽ കേരളത്തിൽ ഇന്നുവരെ ഒരു സ്ത്രീ മുഖ്യമന്ത്രി ആയില്ല. ഉത്തർപ്രദേശിൽ ദളിത് സ്ത്രീയായ മായാവതി നാല് തവണ മുഖ്യമന്ത്രിയായി. സ്ത്രീയെ ഒരു തരത്തിലും ബഹുമാനിക്കാനോ പരിഗണിക്കാനോ തയ്യാറാവാത്ത മനസ്ഥിതിയാണ് കേരളത്തിൽ.

ബിഷപ്പ് കേസ് അട്ടിമറിക്കപ്പെടുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്താണോ പ്രവർത്തിച്ചത് അത് പറയുകയും പറയുന്നത് പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു കുന്നിക്കൽ നാരായണൻ. ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തെയും രാഷ്ട്രീയത്തിലേക്കിറക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു.

എ വാസുവിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ കുന്നിക്കൽ നാരായണന്റെ മകളും അന്വേഷി പ്രവർത്തകയുമായ കെ അജിത, എം.എൻ രാവുണ്ണി, സി.ആർ സുലോചന, കുന്നേൽ കൃഷ്ണൻ, പി.കെ വേണുഗോപാലൻ, കെ.കെ മാധവൻ, പി.സി ഉണ്ണിചെക്കൻ, ടി.വി വിജയൻ എന്നിവർ സംസാരിച്ചു.