i-league-gokulam-bagan
i league gokulam - bagan

കോഴിക്കോട്: ആരാധകർക്ക് വിജയത്തോടെ വരവേൽപ്പ് നൽകാൻ ഐലീഗിലെ ആദ്യമത്സരത്തിന് ഗോകുലം കേരള എഫ്.സി ഇന്ന് ഇറങ്ങും. ചാമ്പ്യൻഷിപ്പ് മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന ഗോകുലം കരുത്തരായ മോഹൻ ബഗാനെതിരെ മികച്ച വിജയത്തോടെ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ്.

യുവത്വത്തിന്റെ ചുറുചുറുക്കും കളിക്കളത്തിലെ ഒത്തിണക്കവുമാണ് ഉഗാണ്ടൻ താരം മുഡ്ഡെ മൂസയുടെ നേതൃത്വത്തിലിറങ്ങുന്ന ഗോകുലത്തിന്റെ കരുത്ത്. ഇന്ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.

മലയാളിതാരം മുഹമ്മദ് റാഷിദാണ് ഗോകുലത്തിന്റെ വൈസ് ക്യാപ്‌ടൻ. ഐ.എസ്.എല്ലിൽ തിളങ്ങിയ മുൻ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ അന്റോണിയോ ജർമ്മനാണ് ടീമിന്റെ കുന്തമുന. ജർമ്മനെക്കൂടാതെ

അഞ്ച് വിദേശതാരങ്ങൾ കൂടി സ്‌ക്വാഡിലുണ്ട്. ക്യാപ്ടനായ ഉഗാണ്ടൻ ഡിഫൻസീവ് മിഡ്ഫീൽഡർ മുഡ്ഡെ മൂസയും പ്രതിരോധതാരം ഡാനിയൽ അഡോയും ഗോകുലത്തിന്റെ കരുത്താണ്. അർജന്റീനയിൽ നിന്നുള്ള ഫാബ്രിസിയോ ഒർടിസും ടീമിലുണ്ട്. ബ്രസീലിൽ നിന്നുള്ള ഗിൽഹെർമെ കാസ്‌ട്രോ, ഉസ്ബക്കിസ്ഥാന്റെ എവ്ജനി കൊച്ചേവ് എന്നിവരാണ് മറ്റ് വിദേശ താരങ്ങൾ. 14പേർ മലയാളികളാണ്. കഴിഞ്ഞ സീസണിൽ തിളങ്ങിയ മുഹമ്മദ് റാഷിദ്, അർജ്ജുൻ ജയരാജ്, കെ.സൽമാൻ, ഉസ്മാൻ ആഷിക് എന്നിവരെ നിലനിറുത്തി. കോഴിക്കോട്ടുകാരനായ ഗോൾകീപ്പർ ഷിബിൻരാജ് കുനിയിൽ, പി.എ. അജ്മൽ, ജസ്റ്റിൻ ജോർജ്ജ്, ജിഷ്ണു ബാലകൃഷ്ണൻ, ബിജേഷ് ബാലൻ, എസ്.രാജേഷ്, വി.പി സുഹൈർ, ഗനി അഹമ്മദ് നിഗം, ഷഹബാസ് സലീൽ, പി.എ.നാസർ എന്നിവരാണ് മറ്റു മലയാളിതാരങ്ങൾ.

ബിനോ ജോർജ്ജാണ് പരിശീലകൻ.

കഴിഞ്ഞ സീസണിൽ ആദ്യം നിറം മങ്ങിയ ഗോകുലം രണ്ടാപാദത്തിൽ മോഹൻബഗാൻ , ഈസ്റ്റ് ബംഗാൾ , ചാമ്പ്യനായ മിനർവ്വ പഞ്ചാബ് എന്നിവരെ തോൽപിച്ചിരുന്നു. ബഗാനുമായി ഏറ്റുമുട്ടിയപ്പോൾ ആദ്യ കളിയിൽ സമനിലയും രണ്ടാം മത്സരത്തിൽ വിജയവും നേടാനായത് ഗോകുലത്തിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. മികച്ച ടീമിനെ അണിനിരത്തിയാണ് കൊൽക്കത്തൻ കരുത്തരായ മോഹൻ ബഗാൻ കോഴിക്കോട്ട് പന്തുതട്ടാനിറങ്ങുന്നത്. കാമറൂൺ താരം ഡിപാൻഡ ഡിക്ക, ഉഗാണ്ടൻ താരം ഹെൻട്രി കിസേക്ക, ഹെയ്തി താരം സോണി നോർദെ എന്നിവരടങ്ങുന്ന മുന്നേറ്റ നിരയാണ് ബഗാന്റെ കരുത്ത്.