കൽപ്പറ്റ: മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി ആരംഭിച്ച ബഡ്‌സ് സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പാക്കുന്ന അഗ്രി തെറാപ്പി പദ്ധതി സഞ്ജീവനി ജില്ലയിൽ ആരംഭിച്ചു. കൃഷിയിലൂടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുകയും മാനസിക വളർച്ച ഉറപ്പാക്കുകയും വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുകയുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ മിഷന് കീഴിൽ ജില്ലയിൽ മൂന്ന് ബഡ്‌സ് സ്ഥാപനങ്ങളിലായി 70 അംഗങ്ങളാണുള്ളത്. കൽപ്പറ്റ, നെന്മേനി, മുള്ളൻകൊല്ലി എന്നിവിടങ്ങളിലാണ് ജില്ലയിലെ ബഡ്‌സ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവ പ്രവർത്തിക്കുന്നത്.
ഒരു സ്ഥാപനത്തിന് സഞ്ജീവനി പ്രവർത്തനങ്ങൾക്കായി 5000 രൂപ ജില്ലാമിഷൻ അനുവദിക്കും. കുടുംബശ്രീയുടെ കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജീവ ടീമംഗങ്ങൾ സ്ഥാപനങ്ങളിലെ അംഗങ്ങളെ കൃഷിയിൽ സഹായിക്കുകയും പരിശീലനം നൽകുകയും ചെയ്യും. തക്കാളി, പച്ചമുളക്, കാബേജ്, വെണ്ട, ചീര, പടവലം, പയർ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്. ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ എല്ലാ മാസവും പദ്ധതിയുടെ പുരോഗതി വിലയിരുത്തും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിലുൾപ്പെടുത്തി സഞ്ജീവനി വിപുലപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടിട്ടുണ്ട്.
കൽപ്പറ്റ ബഡ്‌സ് സ്‌കൂളിൽ നടന്ന ചടങ്ങിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സുനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത പദ്ധതി വിശദീകരിച്ചു. വൈസ് ചെയർപേഴ്‌സൺ രാധാകൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.മണി, ബിന്ദുജോസ്, അജിത ഉമൈബ മൊയ്തീൻകുട്ടി, ടി.ജെ.ഐസക്ക്, കൗൺസിലർമാരായ ശോശാമ്മ, അജി ബഷീർ, സി.ഡി.എസ് ചെയർപേഴ്‌സൺ സഫിയ ജില്ലാ പ്രോഗ്രാം മാനേജർ ആരതി സുവിജ് തുടങ്ങിയവർ സംസാരിച്ചു.