പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ കീഴ്ശാന്തി ബാലുശ്ശേരി പനങ്ങാട് അഞ്ഞൂറ്റിമംഗലം ഹരീന്ദ്രനാഥ് കവർച്ചയ്ക്കിടെ ആക്രമിക്കപ്പെട്ട സംഭവത്തിൽ പയ്യോളി സിഐ എം.പി. രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. വടകര ഡിവൈഎസ്‌പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡും അന്വേഷണ സംഘത്തിൽ ഉണ്ട്. കീഴൂരിലും സമീപത്തുമുള്ള വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവ് ബൈക്കിൽ പോവുന്നത് വ്യക്തമായിട്ടുണ്ട്. ആക്രമിക്കപ്പെട്ട ഹരീന്ദ്രനാഥ് നല്കിയ മൊഴിയിൽ രണ്ട് പേർ ബൈക്കിൽ രക്ഷപ്പെട്ടതായാണ് പറയുന്നത്. ദൃശ്യങ്ങളിൽ ഹെൽമറ്റും മഴക്കോട്ടും ധരിച്ച ഒരാളെ മാത്രമേ കാണുന്നുള്ളൂ. പുലർച്ചെ 4:58 നുള്ള ദൃശ്യങ്ങളാണ് ക്യാമറയിൽ ഉള്ളത്.
മോഷണംപോയ രണ്ട് മൊബൈൽ ഫോണുകളിലൊന്ന് പാലക്കാട്ടേക്കുള്ള ലോറിക്ക് മുകളിൽ നിന്ന് ലഭിച്ചു. പുലർച്ചെ നാലു മണിക്ക് കുഞ്ഞിപ്പള്ളിയിൽ നിന്നാണ് യാത്ര ആരംഭിച്ചതെന്നും മഞ്ചേരി നിർത്തിയപ്പോഴാണ് ഫോൺ കണ്ടതെന്നും ലോറി ഡ്രൈവർ പറയുന്നു. മോഷ്ടാവ് മൂരാട് പാലത്തിന് സമീപം സിഗ്‌നൽ കാത്ത് നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മൊബൈൽ എറിഞ്ഞതാകാമെന്നാണ് സംശയിക്കുന്നത്.
മറ്റൊരു മൊബൈൽ തച്ചൻകുന്ന് പരിസരത്ത് ഉള്ളതായാണ് ടവർ ലൊക്കേഷൻ പ്രകാരം പൊലീസ് സൈബർ സെൽ കണ്ടെത്തിയത്. പൊലീസ് നായ ഓടിയ വഴികൾ പുറത്ത് നിന്നൊരാൾക്ക് എളുപ്പം എത്തിചേരാണ് കഴിയാത്ത സ്ഥലമായതിനാൽ പ്രാദേശികമായ സഹായം ലഭിച്ചതായും സംശയിക്കുന്നുണ്ട്.
ആസിഡ് അക്രമത്തിൽ ഇടത് കണ്ണിന് സാരമായി പരിക്കേറ്റ ഹരീന്ദ്രനാഥ് നമ്പൂതിരി ഇന്നലെ വൈകീട്ട് ആശുപത്രി വിട്ടു. കാഴ്ച്ചയ്ക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെയാണ് കീഴൂർ ശിവക്ഷേത്രത്തിൽ കവർച്ച നടന്നത്. സ്വർണ്ണമാല, രണ്ട് മൊബൈൽ ഫോൺ, പണം, ക്ഷേത്രത്തിന്റെ താക്കോൽ എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്.