കോഴിക്കോട്: പ്രളയവുമായി ബന്ധപ്പെട്ട് 10000 രൂപ കൈപ്പറ്റിയ ദുരിതബാധിത കുടുംബങ്ങൾക്ക്ആറ് ഇനങ്ങൾ ഉൾപ്പെടുന്ന കിറ്റുകൾ ഒക്‌​ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സിവിൽ സപ്ലൈസ് കോർപറേഷൻ വഴി വിതരണം ചെയ്യും. റേഷൻ മുൻഗണന പട്ടികയിൽ ഉള്ളവർ, തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡുള്ളവർ, പട്ടിക ജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ, അഗതികൾ, സ്ത്രീകേന്ദ്രീകൃത കുടുംബങ്ങൾ, വിധവകൾ, ഭിന്ന ശേഷിക്കാർ തുടങ്ങിയവർക്ക് പ്രളയബാധിത വില്ലേജ് പരിധിയിൽ ആരംഭിക്കുന്ന ഔട്ട്‌​ലെറ്റുകളിൽ നിന്നും ഈ മാസം 30, 31 തിയ്യതികളിൽ കിറ്റ് ലഭ്യമാക്കും. വില്ലേജ് ഓഫീസുകളിൽ നിന്നുംഇതിനുള്ള ടോക്കൺ ലഭിക്കും.

വെള്ളപ്പൊക്കദുരിത ബാധിതർക്ക് നിലവിലുള്ള വിളവായ്പകൾ തിരിച്ചടക്കുന്നതിന് ഒരുവർഷം വരെ മൊറട്ടോറിയവും തുടർന്ന് തിരിച്ചടവിന് അഞ്ച് വർഷം വരെ അധിക കാലാവധിയും ലഭിക്കുമെന്ന് കൃഷി ഡെ.ഡയറക്ടർ അറിയിച്ചു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും സർക്കാരും സംയുക്തമായാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൃഷി ആവശ്യത്തിന് ഭൂമിയുടെ വിസ്തീർണ്ണം, വിളവിന്റെ സ്വഭാവം എന്നിവക്കനുസരിച്ച് അധിക ഈടോ മാർജിനോ ഇല്ലാതെ പുതിയ വായ്പകൾ ലഭിക്കും. ഇത്തരം വായ്പകൾക്കും നിലവിലുള്ള വായ്പക്കും നിശ്ചിത കാലാവധി വരെ സാധാരണ പലിശ മാത്രമാണ് ഈടാക്കുക .വിളനാശം ഉണ്ടായവർക്കും വളർത്തു മൃഗങ്ങൾ, കാർഷികോപകരണങ്ങൾ എന്നിവ നഷ്ടപ്പെട്ടവർക്കും നിലവിലെ വായ്പകൾക്ക് ഒന്ന് മുതൽ ഒന്നര വർഷം വരെ മൊറോട്ടോറിയവും ആവശ്യാനുസരണം പുതിയ വായ്പയും ലഭിക്കും. തിരിച്ചടവിന് ഒന്നുമുതൽ അഞ്ച് വർഷം വരെയാണ് അധിക കാലാവധി. പുതിയ വായ്പകൾക്ക് ഈടോ ഗാരന്റിയോ ആവശ്യമില്ല. ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ഈ മാസം 31 ന് മുൻപും പുതിയ വായ്പക്കുള്ള അപേക്ഷകൾ ഡിസംബർ 31ന് മുമ്പും ബാങ്ക് ശാഖകളിൽ ലഭിക്കണം.