സുൽത്താൻ ബത്തേരി: വയനാട്ടിലെ പാർട്ടിയുടെ നിലപാടില്ലായ്മയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി യൂത്ത് ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ, ജില്ലാ സെക്രട്ടറി എം.സി ബിനു, പാർട്ടി ബത്തേരി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ഷിനോജ് പാപ്പച്ചൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് കേരള കോൺഗ്രസ് യു.ഡി.എഫിന്റെ ഭാഗമായി നിലകൊള്ളുമ്പോൾ വയനാട്ടിൽ എൽ.ഡി.എഫുമായാണ് സഹകരണം. കോട്ടയത്ത് എത്തുമ്പോൾ രമേശ് ചെന്നിത്തലക്ക് ജയ് വിളിക്കുകയും വയനാട്ടിൽ പിണറായിക്ക് സ്തുതി പാടുകയും ചെയ്യുന്നത് വിരോധാഭാസമാണ്.
ചിലർക്ക് സിപിഎമ്മിനോടുള്ള അമിത ഭക്തിയാണ് സംസ്ഥാന നേതൃത്വത്തിന്റ താത്പര്യത്തിന് എതിരായി എൽ.ഡി.എഫിന് നിലകൊള്ളുന്നതിന് കാരണം.
ബത്തേരി നഗരസഭയിൽ എൽ.ഡി.എഫുമായി ഭരണം പങ്കിടുന്നത് പ്രാദേശിക ധാരണയുടെ അടിസ്ഥാനത്തിലാണ്. ആ ധാരണ ജില്ല മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ കാരണം പ്രവർത്തകരെ ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് കഴിയുന്നില്ല. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടാൻ സാധ്യതയുണ്ടെന്നും ഇവർ പറഞ്ഞു.

കോൺഗ്രസ് സ്വാഗതം ചെയ്തു

സുൽത്താൻ ബത്തേരി: കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേരുന്നവരെ സ്വാഗതം ചെയ്യുന്നതായി മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂർ, കുന്നത്ത് അഷ്‌റഫ്, സഖറിയ മണ്ണിൽ, സഫീർ പഴേരി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബത്തേരി നഗരസഭ ഭരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉയർത്തുന്ന ആരോപണങ്ങൾ ശരിവെക്കുന്നവർ കേരള കോൺഗ്രസിൽ തന്നെയുണ്ടെന്നുള്ളതിന് തെളിവാണ് ഇവരുടെ രാജിയെന്ന് നേതാക്കൾ പറഞ്ഞു.
വിധേയത്വമില്ലാത്ത ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടാൻ കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി തയാറാകണം. കേരള കോൺഗ്രസിനെ ഘട്ടം ഘട്ടമായി ഇല്ലാതാക്കി സിപിഎമ്മിൽ ചേരാനുള്ള നഗരസഭ ചെയർമാൻ അടക്കമുള്ള ചിലരുടെ കുതന്ത്രങ്ങൾ മനസിലാക്കുന്നവർ വരും ദിവസങ്ങളിൽ പാർട്ടി വിടുമെന്നും ഇവർ പറഞ്ഞു.