മൈക്രോ ക്രെഡിറ്റ് വായ്പ: ജില്ലയിൽ വിതരണം ചെയ്തത് 21.12 കോടി രൂപ
കോഴിക്കോട്: മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി പ്രകാരം ജില്ലയിലെ നാല് കുടുംബശ്രീ സി.ഡി.എസുകൾക്ക് അനുവദിച്ച ആറ് കോടി രൂപ മന്ത്രി എ.കെ. ബാലൻ വിതരണം ചെയ്തു. ലളിതമായ വ്യവസ്ഥയിൽ വായ്പ നൽകുന്ന പദ്ധതികളെ കുറിച്ച് ജനങ്ങൾക്ക് വേണ്ടത്ര അവബോധമില്ലെന്നും ഈ പദ്ധതിയിൽ 4.8 ലക്ഷം കുടുംബങ്ങൾക്കായി 3000 കോടി രൂപയോളം വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നൽകി വരുന്ന മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 2018-19 വർഷം 34 കോടി രൂപ ലക്ഷ്യമിട്ടതിൽ ഇതുവരെ ജില്ലയിൽ വിതരണം ചെയ്തത് 21.12 കോടി രൂപയാണ്. ഒളവണ്ണ, ഒഞ്ചിയം, മരുത്തോങ്കര, മടവൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ നാല് സി.ഡി.എസുകൾക്ക് 5.7 കോടി രൂപ മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി മുഖാന്തരം വിതരണം ചെയ്തു.
ജില്ലയിൽ ഉണ്ടായ നിപ വൈറസ് ബാധ, പ്രളയ ദുരിതങ്ങൾ എന്നിവയെ അതിജീവിക്കുന്നതിന് കെ.എസ്.സി.സി.ഡി.സിയുടെ ജാമ്യ നിബന്ധനയില്ലാത്ത മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയും നടപ്പാക്കി. നാല് ശതമാനം മുതൽ അഞ്ച് ശതമാനം വരെ പലിശ നിരക്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് പരമാവധി 60,000 രൂപ വായ്പ വെച്ച് ഓരോ സി.ഡി.എസിനും പരമാവധി രണ്ട് കോടി രൂപ വരെ നൽകുന്ന പദ്ധതിയും നടന്നു വരുന്നു.
ജില്ലയിലെ പിന്നോക്ക വിഭാഗങ്ങൾക്കായി വിവാഹം, വിദ്യാഭ്യാസം, സ്വയംതൊഴിൽ, സംരംഭകർക്ക് സ്റ്റാർട്ടപ്പ് വായ്പ, ഭവന പുനരുദ്ധാരണം, പ്രവാസികൾക്കുള്ള റിട്ടേൺ വായ്പ, പുതിയ വീട് നിർമ്മിക്കുവാൻ എന്റെ വീട് എന്നീ വായ്പകൾ ലഭ്യമാക്കുക, തൊഴിൽസംരംഭകത്വ പരിശീലനം, പ്രദർശന വിപണ മേളകൾ തുടങ്ങിയവയാണ് കോർപ്പറേഷന്റെ പ്രധാന പ്രവർത്തന ലക്ഷ്യങ്ങൾ. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് കുമാർ, കെ.എസ്.സി.സി.ഡി.സി ഡയറക്ടർ ടി. കണ്ണൻ, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലത്തൊടി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജയപ്രകാശ്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.സി. കവിത, സി.ഡി.എസ് ചെയർപേഴ്‌സൺ എസ്. ശ്രീജ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.സി.സി.ഡി.സി ചെയർമാൻ സംഗീത് ചക്രപാണി സ്വാഗതവും ജില്ലാ മാനേജർ ഇൻ ചർജ്ജ് പി. ശ്രീകുമാർ നന്ദിയും പറഞ്ഞു.