മാനന്തവാടി:കിഫ്ബിയുടെ ധനസഹായത്താൽ 46 കോടി രൂപ മുതൽമുടക്കി ഉന്നത നിലവാരത്തലേക്ക് ഉയർത്തുന്ന മാനന്തവാടി കൈതക്കൽ റോഡിന്റെ പ്രവർത്തികൾ നവംബർ ആദ്യവാരം ആരംഭിക്കും. ആദ്യഘട്ടത്തിൽ സർവ്വേ, ലെവൽസ് എടുക്കൽ തുടങ്ങിയ പ്രവർത്തികളാണ് ആരംഭിക്കുക. ശേഷം ഡ്രൈനേജ്കളുടെ നിർമ്മാണം, കൽവർട്ടുകളുടെ നിർമ്മാണം തുടങ്ങിയവ നവംബർ 20 ഓടെ ആരംഭിക്കും. നിലവിലുള്ള റോഡിന്റെ ഘടന മുഴുവൻ മാറ്റി പുതിയ രൂപത്തിലാണ് റോഡ് രൂപകൽപന ചെയ്തിട്ടുള്ളത്. ഏറനാട് കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല. എം.എൽ.എയുടെ നിർദ്ദേശപ്രകാരം നിർമ്മാണ കമ്പനി അധികൃതരുമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗം ചേർന്നിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനായി റോഡ് കമ്പനി ഏറ്റെടുത്തു കഴിഞ്ഞു. രണ്ടുവർഷമാണ് നിർമാണം പൂർത്തിയാക്കുന്നതിനായി കമ്പനിക്ക് നൽകിയ കാലാവധി. നിലവിലുള്ള റോഡ് പലയിടങ്ങളിലും ഉയർത്തിയാണ് നിർമ്മിക്കുന്നത്. എട്ടോളം കൽവർട്ടുകൾ, ഡ്രൈനേജ്, ബസ് ബേ തുടങ്ങി ആധുനിക രീതിയിൽ റോഡിനെ മാറ്റുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. 2016-17 സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച റോഡാണ് പ്രവർത്തി ആരംഭിക്കാൻ തുടങ്ങുന്നത്. മാനന്തവാടി മുതൽ കൈതക്കൽ വരെയുള്ള 10.400 കിലോമീറ്ററാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കാതെ പ്രവർത്തി മുന്നോട്ടുകൊണ്ടുപോകാനാണ് എം.എൽ.എ നൽകിയിരിക്കുന്ന നിർദ്ദേശം. പ്രവർത്തി തുടങ്ങുമ്പോഴേക്കും കഴിയാവുന്ന വഴികളിൽ ഗതാഗതം തിരിച്ചുവിട്ടുകൊണ്ട് പ്രവർത്തി നടത്താമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ സമ്മതിച്ചിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ വള്ളിയൂർക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ കടന്നുപോകുന്ന റോഡയതിനാലും മാനന്തവാടിയിൽനിന്ന് പനമരത്തേക്ക് എളുപ്പത്തിൽ എത്തച്ചേരാൻ കഴിയുന്ന റോഡ് ആയതിനാലും മാനന്തവാടി മേഖലയുടെ വികസന പ്രവർത്തനങ്ങളുടെ ഒരു നാഴികക്കല്ലാകും ഈ പദ്ധതി എന്നതിൽ തർക്കമില്ല.