കൽപ്പറ്റ:ജില്ലയിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപണികൾ രണ്ടാഴ്ചകകം പൂർത്തീകരിക്കാൻ പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗത്തിന് ജില്ലാ വികസന സമിതി നിർദ്ദേശം നൽകി. പൊതുജനങ്ങളിൽ നിന്നും പരാതിയുയരുന്ന സാഹചര്യത്തിൽ 15 ദിവസത്തിനു ശേഷം റോഡ്‌സ് വിഭാഗത്തിന്റെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യാൻ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. ആസൂത്രണഭവൻ എ.പി.ജെ. ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. പുനരുദ്ധാരണ പ്രവർത്തികളുടെ ടെണ്ടർ നടപടികൾ 95 ശതമാനം പൂർത്തീകരിച്ചതായി പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ആദിവാസി മേഖലയിലെ കുട്ടികളിൽ അനീമിയ, പോഷകാഹാര കുറവ് എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഞാറാഴ്ചകളിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയോഗിക്കണം. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ആത്മഹത്യ പ്രവണത കൂടിവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ കൗൺസിലിംഗ് നൽകണം. വന്യമൃഗ ശല്യം പരിഹരിക്കാൻ വനം വകുപ്പ് നോർത്ത് - സൗത്ത് ഡിവിഷന്റെയും വൈൽഡ്‌ലൈഫ് വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 574 കോടിയുടെ സമഗ്രപാക്കേജ് കിഫ്ബിയിൽ ഉൾപ്പെടുത്താൻ ജില്ലാ വികസന സമിതിയുടെ ശുപാർശ ഫോറസ്റ്റ് സെക്രട്ടറിക്ക് സമർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.
വിവിധ വകുപ്പുകളുടെ നിർവഹണ പുരോഗതിയും ത്വരിതപ്പെടുത്തേണ്ട നടപടികളും യോഗം വിശകലനം ചെയ്തു. പദ്ധതി നിർവഹണത്തിൽ ജില്ല 47.82 ശതമാനം ചെലവഴിച്ചതായി ജില്ലാ വികസനസമിതി വിലയിരുത്തി. ആകെയുള്ള 253 പദ്ധതികൾക്ക് അനുവദിച്ച 476.82 കോടി രൂപയിൽ 228.05 കോടി രൂപ ഇതുവരെ വിവിധ വകുപ്പുകൾ ചെലവാക്കി. ആകെ 214 സംസ്ഥാന സർക്കാർ പദ്ധതികളും 38 കേന്ദ്രാവീഷ്‌കൃത പദ്ധതികളുമാണ് ജില്ലയിൽ നടപ്പാക്കുന്നത്. സംസ്ഥാന പദ്ധതികൾ 52.71 ശതമാനവും പൂർണ്ണമായും കേന്ദ്രസർക്കാർ സ്‌പോൺസേർഡ് പദ്ധതികൾ 33.48 ശതമാനവും ഇതര കേന്ദ്രാവിഷ്‌കൃത പദ്ധതികൾ 40.9 ശതമാനവും നിർവഹണ പുരോഗതി കൈവരിച്ചു. ഡിസംബറോടെ മുഴുവൻ പദ്ധതികളും പൂർത്തിയാക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
യോഗത്തിൽ എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, എ.ഡി.എം. കെ. അജീഷ്, സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ലാ പ്ലാനീംഗ് ഓഫീസർ കെ.എം. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.