ക്ഷേത്ര പ്രവേശന വിളംബര വാർഷികം സംഘാടക സമിതി രൂപീകരികരണ യോഗത്തിൽ മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ സംസാരിക്കുന്നു

കൽപ്പറ്റ:ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാർഷികാഘോഷം ജില്ലയിൽ വിപുലമായി സംഘടിപ്പിക്കുന്നതിന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി, എം.പി., എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ മുഖ്യ രക്ഷാധികാരികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ രക്ഷാധികാരികളും ആകും. ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജനറൽ കൺവീനറും ആയിരിക്കും. നവംബർ 10 മുതൽ 12 വരെയാണ് ജില്ലയിൽ വിപുലമായ രീതിയിൽ ക്ഷേത്ര പ്രവേശന വിളംബര വാർഷികാഘോഷം സംഘടിപ്പിക്കുക. ഇതോടനുബന്ധിച്ച് സെമിനാറുകൾ, ഫോട്ടോ പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവ ഉണ്ടാകും. പരിപാടികളുടെ നടത്തിപ്പിനായി വിവിധ സംഘടനാ പ്രതിനിധികൾ സംസ്‌കാരിക പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി 30 ന് വിപുലമായ യോഗം ചേരും. എം.എൽ.എ മാരായ സി.കെ.ശശീന്ദ്രൻ, ഐ.സി.ബാലകൃഷ്ണൻ, ജില്ലാ കളക്ടർ എ.ആർ.അജയകുമാർ, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ഇ.വി.സുഗതൻ, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ,വിവിധ സംഘടനാ പ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.