കോഴിക്കോട്: നിരവധി മോഷണക്കേസുകളിലെ പ്രതി കക്കോടി കോട്ടുപ്പാടം സ്വദേശി രാജേഷ്(31)ഭവനഭേദനത്തിനുള്ള ആയുധങ്ങളുമായിപിടിയിൽ. കാരപ്പറമ്പിൽ വാഹനപരിശോധനയ്ക്കിടെ നടക്കാവ് എസ്.എെ എസ്.സജീവും സംഘവും ചേർന്നാണ് പിടികൂടിയത്.വീടുകളിൽ ഉറങ്ങിക്കിടക്കുന്ന അളുകളുടെ ശരീരത്തിൽ നിന്നുപോലും ആഭരണങ്ങൾ മോഷ്ടിക്കുന്നഇയാളെകണ്ടെത്തുന്നതിന് സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാറിൻറെ നിർദേശപ്രകാരം നോർത്ത് അസിസ്റ്റൻറ് കമ്മീഷണർ പൃഥ്വീരാജിൻെറ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തവേയാണ് പിടിയിലാവുന്നത്.
കുന്ദമംഗലം ചേരിഞ്ചാൽ റോഡിലെ പടിയത്ത് സുനീർ എന്നയാളുടെ വീട്ടിൽ കയറി ഉറങ്ങിക്കിടന്ന കുട്ടിയുടെയും അമ്മയുടെയും ആഭരണങ്ങൾ ഊരി എടുത്തതും കുരുവട്ടൂർ മച്ചക്കുളത്തെ തയ്യത്ത് മീത്തൽ അഹമ്മദ് കോയ എന്നയാളുടെ വീട്ടിൽ നിന്ന് ഒരുലക്ഷം രൂപയുടെ വിദേശ കറൻസികൾ മോഷ്ടിച്ചതും ഇയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്
കഴിഞ്ഞ വർഷം ചേവായൂരിൽ വെച്ച് നൈറ്റിധരിച്ച് മോഷണത്തിന് എത്തിയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .കാക്കൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ കുറച്ചു മാസങ്ങൾക്ക് മുൻപ് അടക്ക മോഷണം നടത്തിയതിനും ഇയാളുടെ പേരിൽ കേസുണ്ട്.
അരീക്കോട്, എരഞ്ഞിക്കൽ, കാക്കൂർ തുടങ്ങി പല സ്ഥലങ്ങളിലും വെച്ച് മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടിയിട്ടുണ്ട്. ചെറുപ്പകാലം മുതൽക്കെ രാത്രിയിൽ വീടുകളിലെത്തി ഒളിഞ്ഞുനോട്ടം പതിവാക്കിയ ഇയാൾപിടിക്കപ്പെടുന്ന എല്ലാ സ്ഥലത്തുംഒളിഞ്ഞുനോട്ടത്തിന് വന്നതായിരുന്നു എന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് പതിവ്.
മോഷണമുതലുകൾ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര കാറുകളിലും ഹാർലി ഡേവിഡ്‌സൺ പോലുള്ള ബൈക്കുകളിലും സഞ്ചരിക്കുന്ന ഇയാൾ തിരക്കഥാകൃത്ത് ആണെന്നും, തിരക്കഥ വിറ്റുകിട്ടുന്ന പണമാണ് ചെലവഴിക്കുന്നതെന്നുമാണ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. മുമ്പ് പിടിയിലായപ്പോൾബന്ധുക്കളോട് മദ്യപിച്ച് വീട് മാറി പോയതാണെന്നും പോലീസ് കള്ളക്കേസ് എടുത്തതാണെന്നും പറഞ്ഞു പോലീസിനെതിരെ കള്ള പരാതികൾ നൽകിതടിതപ്പുകയാണ് പതിവ് . തുറന്നിട്ട ജനലിലൂടെ കയ്യിട്ടോ ഡോർ കം വിൻഡോയുടെ ജനൽ ഗ്ലാസ് പൊട്ടിച്ച് അതുവഴി വാതിൽതുറന്ന് അകത്ത് കയറി മോഷണം നടത്തുന്നതാണ് രീതി.
അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾകവരുന്നതിന് പുറമേ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ശരീരത്തിൽനിന്നും ആഭരണങ്ങൾ അഴിച്ചെടുക്കുന്നതിലും ഇയാൾ വിദഗ്ദനാണ്. കാക്കൂർ, താമരശ്ശേരി എന്നിവിടങ്ങളിൽ ഈ രീതിയിൽ മോഷണം നടത്തിയിട്ടുണ്ട്.. കാക്കൂർ ,ചേവായൂർ, താമരശ്ശേരി, നിലമ്പൂർ എന്നിവിടങ്ങളിൽ ഈ രീതിയിൽ നടന്ന മോഷണങ്ങളുടെ പിന്നിൽ ഇയാളാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. സമാനരീതിയിലുള്ള മോഷണങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ,എ.എസ്.ഐ സുനിൽകുമാർ, സതീഷ് കുമാർ, നിമേഷ്, സബീഷ്, ബിജു ,മുഹമ്മദ് ഷാഫി, സജി, അഖിലേഷ്, ഷാലു, പ്രപിൻ, ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.