ആരാധകരെ കയ്യിലെടുത്ത് ഗോകുലം
കോഴിക്കോട്: കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ കാൽലക്ഷത്തോളം ഫുട്ബോൾ ആരാധകർക്ക് മികച്ച കളിസമ്മാനിച്ച് ഗോകുലം കേരള എഫ്.സിയും ഇന്ത്യൻ ഫുട്ബോളിലെ കരുത്തരായ മോഹൻബഗാനും.
ആദ്യ മിനിട്ടിൽ തന്നെ ഗോളിലേക്ക് തകർപ്പൻ ഷോട്ട് പായിച്ച ഗോകുലം ക്യാപ്ടൻ മുഡ്ഡെ മൂസ ഗാലറിയെ ത്രസിപ്പിച്ചു. ഗോളെന്നുറച്ച ഷോട്ട് ബഗാൻ പ്രതിരോധ നിര താരം ലാൽചൻകിമ തട്ടിത്തെറിപ്പിച്ചതോടെ ഗാലറി നിശബ്ദമായി. ഗോകുലത്തിന്റെ മുന്നേറ്റത്തോടെ ആരംഭിച്ച കളിയിൽ അധികം വൈകാതെ തന്നെ ബഗാൻ മേൽക്കോയ്മ നേടി. കൃത്യമായ ആസൂത്രണത്തോടെ പന്തുതട്ടിയ ബഗാനെതിരെ ആദ്യ പകുതിയിൽ ഗോകുലം വിയർത്തു. കളിയുടെ ഗതിക്ക് അനുസൃതമായി 40ാം മിനിട്ടിൽ ഹെൻറി കിസേക്ക ഒന്നാന്തരം ഹെഡ്ഡ|റിലൂടെ ഗോകുലത്തിന്റെ വല കുലുക്കി. തുടർന്ന് ആറോളം ഗോളവസരങ്ങൾ ബഗാൻ സൃഷ്ടിച്ചു. 23ാം മിനിട്ടിൽ കിസേക്കയുടെ ഒന്നാന്തരം ഷോട്ട് അഭിഷേക് ദാസ് ഗോൾലൈൻ സേവിലൂടെ ഗോകുലത്തെ രക്ഷപ്പെടുത്തി. കൈയടികളോടെ ആരാധകർ ഈ നിമിഷം ആഘോഷിച്ചു.
32ാം മിനിട്ടിൽ ഗോകുലം സൽമാനെ മാറ്റി പ്രീതം സിംഗിനെ കളത്തിലിറക്കി. എന്നാൽ മികച്ച കളി പുറത്തെടുത്ത ബഗാൻ 40ാം മിനിട്ടിൽ കിസേക്കയിലൂടെ മുന്നിലെത്തി.
രണ്ട് മിനിട്ടിന് ശേഷം മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ആന്റോണിയോ ജർമ്മൻ സമനില നേടാനുള്ള മികച്ച അവസരം നഷ്ടപ്പെടുത്തി. രണ്ടാം പകുതിയിൽ കളിയുടെ വേഗത വർദ്ധിപ്പിച്ചാണ് ഗോകുലം തുടങ്ങിയത്. അതിന്റെ ഫലമായി 46ാം മിനിട്ടിൽ അർജുൻ ജയരാജ് നൽകിയ പാസ് ഗോളാക്കി മാറ്റാൻ ബ്രസീലിയൻ താരം ഫിലിപ്പെ കാസ്ട്രോയ്ക്ക് ആയില്ല. 50ാം മിനിട്ടിൽ ഗാനി അഹമ്മദിന് പകരം തിരുവന്തപുരം സ്വദേശി രാജേഷ് കളത്തിലെത്തിയതെ ഗോകുലത്തിന്റെ ആക്രമണത്തിന് മൂർച്ച കൂടി. 53ാം മിനിട്ടിൽ അർജുനും 63ാം മിനിട്ടിൽ ജർമ്മനും ഗോളവസരം ഒരുക്കി. 70ാം മിനിട്ടിലാണ് ആരാധകർ കാത്തിരുന്ന സമനില ഗോൾ എത്തിയത്. സെൽഫ് ഗോളായിരുന്നെങ്കിലും അർജുന്റെ അദ്ധ്വാനമാണ് ഗോളിന് പിന്നിൽ. 73ം മിനിട്ടിൽ രാജേഷിന്റെ തകർപ്പൻ ഷോട്ട് ഗോളാകാതെ പോയത് നിസഹായതയോടെ നോക്കിനിൽക്കാനേ കാണികൾക്ക് കഴിഞ്ഞുള്ളു. അവസാന അരമണിക്കൂറിൽ തുടരെ ആക്രമണം നടത്തിയെങ്കിലും ഗോകുലത്തിന് വിജയഗോൾ നേടാനായില്ല.
ഗാലറി നിറഞ്ഞ ആവേശം
കളി ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ നിരവധി ആരാധകരാണ് കോർപ്പറേഷൻ സ്റ്റേഡിയത്തിലെത്തിയത്.
ഗ്രൗണ്ടിന് സമീപത്തെ ഫുട്‌ബോൾ അസോസിയേഷന്റെ ടിക്കറ്റ് കൗണ്ടറിൽ രാവിലെ മുതൽ നീണ്ട നിര തന്നെയായിരുന്നു. ഗോൾ മുഖത്തേക്ക് പന്തുമായി നീങ്ങുമ്പോൾ ആവേശത്തോടെ നാസിക്‌ദോളിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെകാണികൾ ആവേശത്തോടെ കൈയ്യടിച്ചു. വർണപൊടികൾ വാരിവിതറിയും മൊബൈലിൽ ഫ്ലാഷ് ലൈറ്റ് മിന്നിച്ചും ഗാലറി ആവേശം നിറച്ചു. .