ration-card
എൻ ആർ ഐ

വടകര: ഏറെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ റേഷൻ കാർഡിൽ ഗൾഫ് കാണാത്തയാളെ പോലും എൻ ആർ ഐ ആക്കി. പാസ്പോർട്ട് എടുത്തെന്നല്ലാതെ കൃഷ്ണൻ വിദേശത്ത് പോയിട്ടില്ല. കാർഡിലെ തെററായ എൻ.ആർ.ഐ കാരണം എല്ലാ സർക്കാർ ആനുകൂല്യങ്ങൾക്കും എടച്ചേരിയിലെ മാമ്പയിൽ താമസിക്കുന്ന പൂത്തറ കൃഷ്ണന് റേഷൻകാർഡ് തടസമായിരിക്കയാണ്. ഭാര്യ ശാന്തയുടെ പേരിലുള്ള കാർഡിലാണ് എൻ.ആർ.ഐ എന്ന് ചേർത്തിരിക്കുന്നത്. കുടുംബത്തിന്റെ പരാധീനതയിൽ ബി.പി.എൽ പരിഗണിച്ച് ചുവപ്പ് കാർഡാണെങ്കിലും എൻ.ആർ.ഐ എന്ന് ചേർത്തിരിക്കുന്നത് കാരണം പ്രായപൂർത്തിയായ മകന്റെ ചികിത്സയ്ക്ക് വേണ്ട സർക്കാർ ആനുകൂല്യങ്ങൾ പോലും ലഭിക്കുന്നില്ലെന്ന് കൃഷ്ണൻ പറയുന്നു.

ഭാരിച്ച ജോലിയൊന്നും ചെയ്യാൻ കഴിയാത്തതിനാൽ ലോട്ടറി വില്പനയിലാണ് നാലംഗ കുടുംബത്തിന്റെ ജീവിതം. രണ്ട് ആൺമക്കളിൽ മൂത്ത മകൻ അസുഖബാധിതനാണ്. അടുത്തിടെ ഉണ്ടായ ഒരപകടത്തിൽ ഭാര്യ ശാന്തയും കിടപ്പിലായി. റേഷൻ കാർഡിൽ എൻ ആർ ഐ ആയതിനാൽ കൃഷ്ണന് റേഷനും അനുവദിച്ചിട്ടില്ല.

കാർഡിൽ നിന്ന് എൻആർഐ ഒഴിവാക്കി കിട്ടാൻ പരാതിപ്പെട്ട് മടുത്തിരിക്കയാണ്. ഇനി ആരെ സമീപിക്കണമെന്ന് ചോദിക്കുകയാണ് കൃഷ്ണൻ.