കോഴിക്കോട്:ശബരിമല പ്രശ്‌നത്തിൽ നവോത്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമായ നിലപാട് എൻ. എസ്. എസ് തിരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു
വിശ്വാസത്തിന്റെ ഭാഗമായ വികാരത്തിന് എൻ.എസ്.എസ് അടിമപ്പെടരുത്.
നവോത്ഥാന മൂല്യം ഉയർത്തിപ്പിടിക്കുകയാണ് അവർ ചെയ്യേണ്ടത്.എന്നാൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വികാരത്തിന് അടിപ്പെട്ടെന്നാണ് തോന്നുന്നത്. മന്നത്ത് പദ്മനാഭനെ പോലൊരു ആചാര്യൻ സ്ഥാപിച്ച എൻ.എസ്.എസ് ഇപ്പോൾ സ്വീകരിക്കുന്ന സമീപനം അവരുടെ പാരമ്പര്യത്തിന് നിരക്കാത്തതാണ്.
കേരളത്തിൽ നവോത്ഥാനത്തിന്റെ ഭാഗമായി ചട്ടമ്പിസ്വാമികളും മറ്റും മുന്നോട്ടുവച്ച നിലപാടുകളെ മന്നത്ത് പദ്മനാഭനാണ് പിന്നീട് നയിച്ചത്. മുന്നാക്ക സമുദായ ജാഥ നടത്തി ക്ഷേത്രപ്രവേശന വിളംബരത്തിൽ വലിയ പങ്ക് വഹിച്ച ആളാണ് അദ്ദേഹം.
സുകുമാരൻ നായരുടെ നിലപാട് അദ്ദേഹം തന്നെ പരിശോധിക്കണം.
എൻ.എസ്.എസ് ശാന്തമായി ആലോചിക്കണം. റിവ്യൂഹർജി കോടതി പരിഗണിക്കുന്നത് വരെ കാത്തിരിക്കണം. കോടതി വഴി മാത്രമേ ഈ വിഷയം പരിഹരിക്കാൻ കഴിയൂ.സുപ്രീംകോടതി വിധി തിരുത്തിക്കാൻ കേരള സർക്കാരിന് കഴിയില്ല. നിയമവിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെയാണ് കേസ് എടുത്തത്. അത് പൊലീസ് ചെയ്യുന്നതാണ്. ആരും പറഞ്ഞിട്ട് ചെയ്യുന്നതല്ല. നാമജപത്തിന്റെ പേരിൽ പൊലീസ് കേസെടുക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.
ആർ.എസ്.എസ് അനുകൂല നിലപാട് എൻ.എസ്.എസിന് സ്വീകരിക്കാൻ കഴിയില്ല. അവർ തിരുത്തും. ആർ.എസ്.എസുമായി എൻ.എസ്.എസ് ബന്ധം സ്ഥാപിക്കുമെന്ന് കരുതുന്നില്ല. അങ്ങനെ ഉണ്ടായാൽ അത് ധൃതരാഷ്ട്രാലിംഗനമാകും. എൻ.എസ്.എസിനെ ആർ.എസ്.എസ് വിഴുങ്ങും. അതാണ് എസ്.എൻ.ഡി.പി യോഗത്തിനുണ്ടായ അനുഭവം. അത് മനസിലാക്കിയാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരസ്യമായി പ്രതികരിച്ചത്.
അമിത് ഷായെ സി. പി. എമ്മിന് ഭയമില്ല. അമിത്ഷായുടെ പിന്തുണയോടെയോ കേന്ദ്ര ഗവൺമെന്റിന്റെ കാരുണ്യം കൊണ്ടോ വന്ന സർക്കാരല്ല കേരളത്തിലേത്. അത്തരം ഭീഷണിയൊന്നും വിലപ്പോവില്ല. ഇവിടെ ബി.ജെ.പി ഭരണം ഉണ്ടാക്കാൻ അമിത്ഷായ്ക്ക് ആകില്ലെന്നും കോടിയേരി പറഞ്ഞു.