icb
സായാഹ്നധർണ്ണ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ണ ഉദ്ഘാടനം ചെയ്യുന്നു

സുൽത്താൻ ബത്തേരി:ദേശീയപാതയിലെ 766 ലെ രാത്രിയാത്രാ നിരോധനം പരിഹരിക്കുന്നതിന്‌ സംസ്ഥാന സർക്കാർ സുപ്രീംകോടതി റിപ്പോർട്ട് അംഗീകരിക്കണമെന്നും അട്ടിമറിനീക്കം ചെറുക്കണമെന്നും ആവശ്യപ്പെട്ട് നീലഗിരി-വയനാട് എൻ.എച്ച് ആന്റ് റയിൽവേ ആക്ഷൻ കമ്മറ്റി സായാഹ്നധർണ്ണ നടത്തി. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ധർണ്ണ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.എൽ.സാബു അദ്ധ്യക്ഷത വഹിച്ചു. രാത്രിയാത്രാ നിരോധനപ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടി സുപ്രീംകോടതി ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ 25 കി.മിയോളംകേരളത്തിലും കർണ്ണാടകയിലുമായി വരുന്ന വനമേഖലയിൽ ഒരു കി.മി വീതം നീളമുള്ള 5മേൽപ്പാലങ്ങളും പൈപ്പ് തുരങ്കങ്ങളും കനോപ്പി പാലങ്ങളും റോഡിന് ഇരുവശവും സ്റ്റീൽ/ജൈവവേലിയുമടങ്ങുന്ന ഒരു സംവിധാനമാണ് ശുപാർശ ചെയ്തത്. ഇതോടെ ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള ദേശീയപാത 766ലെ രാത്രിയും പകലുമുള്ള ഗതാഗതം സുഗമമാക്കാനാവും. വന്യജീവി സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടുള്ള പദ്ധതിയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഓരോ കിലോമീറ്ററിലും സ്ഥാപിക്കുന്ന പൈപ്പ് തുരങ്കങ്ങളിലൂടെ ചെറിയ മൃഗങ്ങൾക്ക്‌ റോഡ് മുറിച്ചുകടക്കാനാവും. ഏകദേശം 4 കിലോമീറ്റർ അകലത്തിലുള്ള മേൽപ്പാലങ്ങൾക്കടിയിലൂടെ വലിയ മൃഗങ്ങൾക്കുംറോഡ് മുറിച്ചു കടക്കാം. മൃഗങ്ങൾ റോഡിലേക്ക് കടന്ന് അപകടമുണ്ടാവുന്നത് തടയാനാണ് ഇരുവശവും ഇരുമ്പുവേലി നിർമ്മിക്കുന്നത്. ഇതോടുചേർന്ന് നിർമ്മിക്കുന്ന ജൈവവേലി ശബ്ദവും വെളിച്ചവും വനത്തിലേക്ക് കടക്കുന്നത് ഫലപ്രദമായി പ്രതിരോധിക്കും. ഇതിനു വരുന്ന ചിലവ് 458കോടി രൂപയാണ്. ഇതിൽ പകുതികേന്ദ്രസർക്കാർ നൽകാമെന്ന്‌കേന്ദ്രറോഡ് ഗതാഗതവും ഹൈവേയും വകുപ്പ് സെക്രട്ടറി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ബാക്കി തുക കേരള സർക്കാർ നൽകിയാലേ പദ്ധതി പ്രാവർത്തികമാക്കാൻ സാധിക്കൂ.
നീലഗിരി-വയനാട് എൻ.എച്ച് ആന്റ് റയിൽവേ ആക്ഷൻ കമ്മറ്റി കൺവീനർ അഡ്വ.ടി.എം.റഷീദ്, അഡ്വ:പി.സി.ഗോപിനാഥ്, അബ്ദുള്ള മാടക്കര, ബാബു പഴുപ്പത്തൂർ, പ്രഭാകരൻ നായർ, എം.എ.അസൈനാർ, വി.മോഹനൻ, കെ.ഷെറീഫ്, വിനയകുമാർ അഴിപ്പുറത്ത്, പി.എം.തോമസ്,ജോൺ തയ്യിൽ, സി.കെ.ഹാരിഫ്, പി.വൈ.മത്തായി, അഡ്വ:പി.വേണുഗോപാൽ, ജേക്കബ് ബത്തേരി,ജോസ് തണ്ണിക്കോട്, മോഹൻ നവരംഗ് എന്നിവർ പ്രസംഗിച്ചു.