കുറ്റ്യാടി:ഇടിഞ്ഞ് വീഴാറായ വീട്ടിൽആരും നോക്കാനില്ലാതെ വർഷങ്ങളോളം നരകയാതന അനുഭവിച്ച വൃദ്ധസഹോദരിമാർക്ക് 'തണൽ'ആശ്രയമായി.ആവശ്യത്തിന് ഭക്ഷണംപോലും ലഭിക്കാതെ ഇരുണ്ട മുറിയിൽ കഴിഞ്ഞിരുന്ന വടയം മീത്തലെ പുഴക്കൂൽ മറിയത്തേയും പാത്തുവിനേയുമാണ് സാന്ത്വനപരിചരണപ്രവർത്തകർ ബന്ധുവിന്റെ എതിർപ്പ് മറികടന്ന് അഗതിമന്ദിരത്തിലേക്കു മാറ്റിയത്. ഇവരുടെ ഏക്കർകണക്കിന് ഭൂമി തട്ടിയെടുത്ത അടുത്തബന്ധു തറവാട്ട് വീട്ടിൽ തള്ളുകയായിരുന്നു. ഇടയ്ക്കൊക്കെ സഹോദരൻ ഇലയിൽ നൽകിയ ഭക്ഷണമായിരുന്നു ആശ്രയം. വൈദ്യുതി ഉണ്ടെങ്കിലും ആവശ്യത്തിന് ബൾബുകൾ ഇല്ല.പകലും രാത്രിയും ഇരുട്ട് തന്നെ. ചുറ്റും പഴുതാരയും അട്ടയും ക്ഷുദ്രജീവികളും. . പഴയ കട്ടപ്പുരയായതിനാൽ നിറയെ പൊടിയും. പെരുമഴയത്തും കാറ്റിലുമെല്ലാം സഹായത്തിന് ഒരാൾ പോലുമില്ലാതെ ഇവർ ഒറ്റയ്ക്ക് കഴിഞ്ഞു.
80 കഴിഞ്ഞ ഇരുവരും വിവാഹിതരായിരുന്നു.ഒരാളുടെ ഭർത്താവ് വർഷങ്ങൾക്കു മുൻപ് മരിച്ചു. മറ്റൊരാളുടെത് ബന്ധം വേർപ്പെടുകയും ചെയ്തു.ഇരുവർക്കും മക്കളില്ല. പിതാവിന്റെ മരണത്തോടെയാണ് ഇവരുടെ കഷ്ടകാലം ആരംഭിച്ചതും സ്വത്ത് അന്യാധീനപ്പെട്ടതും.അടുത്തകാലത്ത് നാട്ടിലെ സന്നദ്ധ പ്രവർത്തകർഭക്ഷണം നൽകിയിരുന്നു.സാന്ത്വന പരിചരണപ്രവർത്തകർ കുളിപ്പിക്കുകയും വസ്ത്രം അലക്കുകയും ചെയ്തു. അഗതി മന്ദിരത്തിലേക്ക് മാറ്റാൻകുറ്റ്യാടി കരുണ പെയ്ൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകർപല തവണ ശ്രമിച്ചെങ്കിലും ബന്ധുവിന്റെ എതിർപ്പുകാരണം നടന്നില്ല.തുടർന്ന് കരുണ പ്രവർത്തകർ ലീഗൽ സർവിസ് സൈസൈറ്റിയുടെ സഹായം തേടി.സൊസൈറ്റി പാരാലീഗൽ വാളന്റിയർ കെ.പി മോഹനൻ നൽകിയ റിപ്പോർട്ടിനെ തുടർന്ന് വടകര മെയിന്റനൻസ് ട്രിബ്യൂണൽ ആർ.ഡി.ഒ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ഉത്തരവിടുകയായിരുന്നു. കുറ്റ്യാടി സി.ഐ സുനിൽ കുമാറിന്റെ സഹായത്തോടെ സഹോദരിമാരെ വീട്ടിൽനിന്ന് എടച്ചേരിയിലെതണൽ അഗതി മന്ദിരത്തിലേക്ക് മാറ്റി.കരുണയുടെ പ്രവർത്തകരായ കെ.എം മുഹമ്മദലി, ഒ.ടി നഫീസ, സിസ്റ്റർ ബിൻസി, ആനേരി റഫീഖ്, എം.കെ ജമാൽ, അസീസ് കുന്നത്ത്, സി.കെ ആലിക്കുട്ടി, ഒ.ടി കുഞ്ഞമ്മദ്, മുനീറ കളത്തിൽ, ഷാഹിന കുമ്പളം തുടങ്ങിയവരാണ് സഹോദരിമാർക്ക് സാന്ത്വനവുമായെത്തിയത്.