മീനങ്ങാടി:പെരുവണ്ണാമൂഴി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല സുഗന്ധവിള സെമിനാറിൽ മികച്ച ഗ്രാമീണ കണ്ടുപിടിത്തത്തിനുളള പുരസ്‌കാരം മീനങ്ങാടി കൊളഗപ്പാറ നാഷണൽ ബയോടെക് റിസർച്ച് ആൻഡ് ഡവലപ്പ്‌മെന്റ് ചെയർമാൻ പി.വി. എൽദോയ്ക്ക് ലഭിച്ചു. വേഗത്തിലും എളുപ്പത്തിലും കയർ പരിക്കാൻ സഹായിക്കുന്ന ഇലക്‌ട്രോണിക് റാട്ടാണ് എൽദോയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. പെരുവണ്ണാമൂഴിയിയിൽ നടന്ന ചടങ്ങിൽ എൽദോ പുരസ്‌കാരം എറ്റുവാങ്ങി.
അനായാസം കൊണ്ടുനടക്കാവുന്ന ഉപകരണമാണ് ഇലക്‌ട്രോണിക് റാട്ട്. ഇതിൽ ഒരാൾക്ക് അഞ്ചു മണിക്കൂറിൽ 40 കിലോ കയർ പിരിക്കാനാകും. സൈക്കിൾ റാട്ടിൽ 20 കിലോ കയർ പരിക്കുന്നതിനു രണ്ടു പേർ ഏഴ് മണിക്കൂർ അധ്വാനിക്കണം. ഒരു കിലോഗ്രാമിൽ ചുവടെയാണ് ഇലക്‌ട്രോണിക് റാട്ടിനു ഭാരം. കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിപ്പിക്കാനും കഴിയും.
2016ൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ്(കെ.എസ്.സി.എസ്.ടി.ഇ), സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ്(സി.എസ്.ടി.ഇ.ഡി) എന്നിവ സംയുക്തമായി കോഴിക്കോട് നടത്തിയ റൂറൽ ഇവേറ്റേഴ്‌സ് മീറ്റിൽ കണ്ടുപിടിത്തങ്ങളുടെ വിഭാഗത്തിൽ ഇലക്‌ട്രോണിക് റാട്ട് മൂന്നാം സ്ഥാനം നേടിയിരുന്നു. ഏതുതരം നാരും പിരിക്കാൻ ഉതകുന്നതാണ് ഇലക്‌ട്രോണിക് റാട്ടെന്നു എൽദോ പറഞ്ഞു.