dropout
വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ സംസാരിക്കുന്നു

കൽപ്പറ്റ:പ്രളയത്തിനു ശേഷം ജില്ലയിലെ സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ജില്ലാ ഭരണകൂടം പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. നവംബർ പന്ത്രണ്ടിനകം കൊഴിഞ്ഞുപോയവരെ സ്‌കൂളിൽ തിരിച്ചെത്തിക്കുകയും 14ന് ഡ്രോപ്ഔട്ട് ഫ്രീ വിദ്യാലയമായി ജില്ലയെ പ്രഖ്യാപിക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമയുടെ അദ്ധ്യക്ഷതയിൽ ആസൂത്രണഭവൻ എ.പി.ജെ. ഹാളിൽ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു.
നവംബർ മൂന്ന്, അഞ്ച് തിയ്യതികളിൽ ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രധാനാദ്ധ്യാപകരുടെയും ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെയും നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് 3.30ന് യോഗം ചേരും. വൈത്തിരി, മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലകളിൽ മൂന്നിനും സുൽത്താൻ ബത്തേരിയിൽ അഞ്ചിനുമാണ് യോഗം. പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, ട്രൈബൽ പ്രമോട്ടർമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ, ആശാവർക്കർമാർ, സ്റ്റുഡന്റ് കൗൺസിലർമാർ, സാക്ഷരതാ പ്രവർത്തകർ, ജനമൈത്രി പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ, ആരോഗ്യവിഭാഗം, സ്റ്റുഡന്റ് പൊലീസ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പദ്ധതി നടത്തിപ്പിനായി സ്‌കൂൾ കമ്മ്യൂണിറ്റി റിസോഴ്‌സ് ഗ്രൂപ്പും രൂപീകരിക്കും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ എത്ര കുട്ടികൾ കൊഴിഞ്ഞുപോയി, എത്രപേർ സ്ഥിരമായി വരാതിരിക്കുന്നു എന്നിങ്ങനെയുള്ള കണക്ക് പ്രധാനാദ്ധ്യാപകൻ യോഗത്തെ അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ തിരിച്ചെത്തിക്കാൻ ജനകീയ കർമപദ്ധതി രൂപീകരിക്കും. തിരിച്ചെത്തുന്ന ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് ഇൻഡക്ഷൻ ട്രെയിനിംഗ് നൽകിയായിരിക്കും ക്ലാസുകളിൽ പ്രവേശിപ്പിക്കുക.
യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം എ.ദേവകി, സമഗ്ര ശിക്ഷാ കേരള കൺസൽട്ടന്റ് ഡോ.ടി.പി കലാധരൻ,സംസ്ഥാന പ്രോഗ്രാം ഓഫീസർ സുരേഷ്, മുൻ ഡി.ഇ.ഒ കൃഷ്ണദാസ്,ഡയററ് പ്രിൻസിപാൾ ഇ.ജെ ലീന,കൈറ്റ് കോർഡിനേറ്റർ വി.ജെ തോമസ്,എസ്.എസ്.കെ പ്രോഗാം ഓഫീസർ ഒ.പ്രമോദ്,വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പ്രഭാകരൻ, ഡി.ഇ.ഒ ഹണി. ജി. അലക്‌സാണ്ടർ, ജനപ്രതിനിധികൾ, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി പ്രധാനാദ്ധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


മലയാളത്തിളക്കം ജില്ല മുഴുവൻ വ്യാപിപ്പിക്കും
മേപ്പാടി:മേപ്പാടി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച 'മലയാളത്തിളക്കം' ലക്ഷ്യം കണ്ടതിനെ തുടർന്ന് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നു. ഭാഷാപരമായ പ്രശ്നങ്ങളുള്ള വിദ്യാർത്ഥികളെ ഉയർത്തിക്കൊണ്ടുവരാൻ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും നടപ്പാക്കുന്ന ഭാഷാപരിപോഷണ പദ്ധതി നവംബർ 12ന് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ആരംഭിക്കാനാണ് തീരുമാനം. നവംബർ മുപ്പതിനു ശേഷം ജില്ലയിൽ മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലേയും അദ്ധ്യാപകർക്ക് നവംബർ എട്ട്, ഒൻപത് തീയതികളിൽ പരിശീലനം നൽകും. സംസ്ഥാനത്തെ മികച്ച റിസോഴ്സ് അദ്ധ്യാപകരായിരിക്കും പരിശീലനത്തിന് നേതൃത്വം നൽകുക. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ശാസ്തീയമായി തയ്യാറാക്കിയ രീതി ഉപയോഗിച്ച് ഒക്ടോബർ 31ന് പ്രിടെസ്റ്റ് നടത്തി മലയാള ഭാഷശേഷികളിൽ പിന്നാക്കമുള്ള കുട്ടികളെ കണ്ടെത്തും. തുടർന്ന് 20 കുട്ടികൾ വീതമുള്ള ബാച്ചുകളാക്കി പരിശീലനം നൽകും. ഡ്രോപ് ഔട്ട് ഫ്രീ പദ്ധതിയിലൂടെ സ്‌കൂളിലേക്ക് തിരികെയെത്തുന്ന മുഴുവൻ വിദ്യാർത്ഥികളെയും പദ്ധതിയുടെ ഭാഗമാക്കാനും ആലോചിക്കുന്നുണ്ട്.
സമഗ്രശിക്ഷ കേരള ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നടത്തിയ പഠനത്തിൽ ആകെ 13 മുതൽ 17 ശതമാനം വരെ കുട്ടികൾ ഭാഷാപരമായി പിന്നാക്കാവസ്ഥയിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. മലയാളത്തിളക്കം എന്ന പേരിൽ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ ഹൈസ്‌കൂളിലും കഴിഞ്ഞ വർഷം നടത്തിയ പദ്ധതി വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. പത്താം ക്ലാസിൽ വിജയശതമാനവും മലയാളത്തിൽ എപ്ലസ് ഗ്രേഡ് വർദ്ധിപ്പിക്കാനും കഴിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലയിൽ പരിക്ഷണാടിസ്ഥാനത്തിൽ മേപ്പാടിയിൽ നടപ്പാക്കിയ പദ്ധതി ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.