കോഴിക്കോട്: ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ പതിനായിരം അമ്മമാർ മലചവിട്ടുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിന് മുമ്പിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യായിരം പൊലീസുകാരെ ശബരിമലയിൽ നിയോഗിക്കുമെന്നാണ് ഡി.ജി.പിയുടെ പ്രഖ്യാപനം. ഇതിനെപതിനായിരം അമ്മമാരുടെ നേതൃത്വത്തിൽ നേരിടുമെന്ന് എം.ടി.രമേശ് പറഞ്ഞു. അമ്മമാരോടൊപ്പം പതിനായിരം യുവാക്കളും അണിനിരക്കും. മാളികപ്പുറങ്ങളുടെ വിശ്വാസത്തിന്റെ കരുത്ത് സർക്കാർ തിരിച്ചറിയും. ദുരഭിമാനം വെടിയാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
അമ്മമാരും സർക്കാറും തമ്മിലുള്ള പോരാട്ടമാണ് നടക്കുക.അച്യുതാനന്ദൻ ഗ്രൂപ്പുകാരെ പേടിപ്പിക്കുന്നത് പോലെ ബി.ജെ.പിയെയും അയ്യപ്പഭക്തരെയും പേടിപ്പിക്കേണ്ട.
സ്ത്രീകളെ കയറ്റി പുനപരിശോധനാ ഹർജികളുടെ പ്രസക്തി ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് ആരെയെങ്കിലും കയറ്റാൻ പൊലീസിനെ ഉപയോഗിച്ച് സർക്കാർ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് പൊലീസിനെ ഉപയോഗിച്ച് നിലക്കലിൽ സംഘർഷമുണ്ടാക്കിയത്.
പൊലീസിനെ ദുരുപയോഗപ്പെടുത്തിയതിന് ഡി.ജി.പി സമാധാനം പറയേണ്ടി വരും. രാജ്യദ്രോഹക്കേസിൽ പ്രതിയായ തടിയന്റവിട നസീറുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന പൊലീസിൽ നിന്ന് മാറ്റിനിറുത്തിയ ഇബ്രാഹിംകുട്ടി എന്ന പൊലീസുകാരൻ യൂണിഫോമില്ലാതെ എങ്ങനെ നിലക്കലിലെത്തിയെന്ന് വ്യക്തമാക്കണം. വർഗീയകലാപം ഉണ്ടാക്കാനാണ് രഹ്ന ഫാത്തിമയെ ശബരിമലയിൽ എത്തിച്ചത്.
തന്ത്രിയുടെ ബ്രഹ്മചര്യം നോക്കുന്ന മന്ത്രി മന്ത്രി ജി.സുധാകരൻ സന്ദീപാനന്ദഗിരിയുടെ ബ്രഹ്മചര്യം കൂടി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അമിത്ഷായ്ക്ക വണ്ണം മാത്രമല്ല ബുദ്ധിയുമുണ്ടെന്നും എന്നാൽ സി.പി.എം നേതാക്കൾക്ക് വണ്ണം മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അലി അക്‌ബർ, ടി.ലീലാവതി, നമ്പിടി നാരായണൻ, സി.കെ.ബാലകൃഷ്ണൻ, ഗിരീഷ് തേവള്ളി, പി.കെ.പ്രേമൻ, പി.ജിജേന്ദ്രൻ എന്നിവർ സംസാരിച്ചു.