പിണങ്ങോട്: വെങ്ങപ്പള്ളി സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്ക് നെറ്റ് ബാങ്കിംഗ് സൗകര്യം ആരംഭിച്ചു. പിണങ്ങോട് ടൗണിൽ ഹെഡ് ഓഫീസും വെങ്ങപ്പള്ളി ടൗണിൽ എക്സ്റ്റൻഷൻ കൗണ്ടറുമുള്ള സ്ഥാപനം പുത്തൻ സാങ്കേതിക വിദ്യകൾ ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ കോർ ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറിയിരുന്നു. നെറ്റ് ബാങ്കിംഗ് നടപ്പാക്കുന്നതോടെ ഇടപാടുകാർക്ക് സ്വന്തം പാസ് ബുക്കിലെ അക്കൗണ്ട് വിവരങ്ങൾ മൊബൈൽ ആപ്പ് വഴി അറിയാൻ കഴിയും. മൊബൈൽ റീചാർജ്ജ്, ഡി.ടി.എച്ച്, ലാന്റ് ലൈൻ, ഡാറ്റാ കാർഡ്, റീ ചാർജ്ജുകളും, കെ.എസ്.ഇ.ബി. ബില്ലും മൊബൈൽ വഴി അടയ്ക്കാൻ കഴിയും.ഇടപാടുകൾ നടന്ന ഉടൻ എസ്.എം.എസ് സംവിധാനം വഴി ഇടപാടിന്റെ പൂർണ വിവരങ്ങളും അറിയാം. വൈകാതെ ഫണ്ട് ട്രാൻസ്ഫർ സംവിധാനങ്ങളായ എൻ.ഇ.എഫ്.ടി., ആർ.ടി.ജി.എസ്. ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.
ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മൊബൈൽ ബാങ്കിംഗ് ആപ്പിന്റെ ഉദ്ഘാടനം വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. നാസർ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് മുരളീധരൻ മക്കോളി അദ്ധ്യക്ഷത വഹിച്ചു. ജാസർ പാലക്കൽ, പി.പി.അഷ്‌റഫ്, മനാഫ് മഞ്ചേരി, ബാലൻ അംബേദ്ക്കർ, റസിയ ചൂരിയാറ്റ, സീനത്ത് നിഷ, പി.ജെ. നിത്യ എന്നിവർ സംസാരിച്ചു.