കോഴിക്കോട്: കേരളത്തിൽ കലാപത്തിന് ആഹ്വാനം ചെയ്യുകയും സുപ്രീംകോടതിയെ വെല്ലുവിളിക്കുകയും ചെയ്ത ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് കോർപ്പറേഷൻ അടിയന്തരപ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
സി.പി.എം കൗൺസിലർ എം.പി.സുരേഷ് അവതരിപ്പിച്ച പ്രമേയത്തെ ബി.ജെ.പി ഒഴികെയുള്ള എല്ലാവരും പിന്തുണച്ചു. കണ്ണൂരിൽ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ അമിത്ഷായ്ക്കെതിരെ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ ജനാധിപത്യ രീതിയിൽ അധികാരത്തിൽ വന്ന സർക്കാറിനെ വലിച്ചു താഴെയിടുമെന്ന് പറഞ്ഞ് കേരള ജനതയെ അപമാനിക്കുകയാണ് അമിത്ഷാ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അടിയന്തര പ്രമേയം രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു. യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെ ഏഴിനെതിരെ 62 വോട്ടുകൾക്കാണ് പ്രമേയം പാസായത്.