കോഴിക്കോട്: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82​ാം വാർഷികം ജില്ലയിൽ വിപുലമായി ആഘോഷിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. നവംബർ 10 മുതൽ 12 വരെ കോഴിക്കോട് ടൗൺഹാളിൽ ചരിത്രപ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, പ്രഭാഷണം, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും. വിവര പൊതുജന സമ്പർക്ക വകുപ്പ്, സാംസ്​കാരികം, പുരാവസ്തു, പുരാരേഖ വകുപ്പുകൾ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വിവിധ സാംസ്​കാരിക സ്ഥാപനങ്ങൾ, ഗ്രന്ഥശാല പ്രസ്ഥാനം എന്നിവയുടെ സഹകരണവുമുണ്ടാകും.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകർന്ന ക്ഷേത്രപ്രവേശന വിളംബരം ചരിത്രത്തിലെ നിർണായക മുഹൂർത്തമായിരുന്നെന്നും ഈ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ എന്നിവർ മുഖ്യ രക്ഷാധികാരികളായും കോഴിക്കോട് കോർപ്പറേഷൻ മേയർ, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ കലക്ടർ എന്നിവർ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറുമായാണ് സംഘാടകസമിതി. ഉദ്യോഗസ്ഥർ, സാംസ്​കാരിക പ്രവർത്തകർ, വിദ്യാർത്ഥിസംഘടന പ്രതിനിധികൾ, തൊഴിലാളി പ്രവർത്തകർ, സർവീസ് സംഘടനാ പ്രതിനിധികൾ, ഗ്രന്ഥശാല പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

ആർക്കൈവിസ്റ്റ് ആർ. സജികുമാർ, സീനിയർ ഫിനാൻസ് ഓഫീസർ എം. കെ.രാജൻ, പി.വി മാധവൻ, എം.അലിക്കോയ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൻ ശങ്കരൻ, സി.എം കേശവൻ, എൻ.സി മായൻകുട്ടി, എം.ആലിക്കോയ, ഭരദ്വാജ് ഒ.എം, കോഴിക്കോട് ഡിസിപി കെ.എം ടോമി, പുരാവസ്തു വകുപ്പ് പ്രതിനിധി കൃഷ്ണരാജ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സി കവിത, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എ.ഡി.എം റോഷ്‌​നി നാരായണൻ സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ നന്ദിയും പറഞ്ഞു.

.............

പുരാരേഖവകുപ്പിന്റെ സഹകരണത്തോടെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ രേഖകളുടെ പ്രദർശനം, വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ, ഗ്രന്ഥശാലസംഘത്തിന്റെ സഹകരണത്തോടെ പ്രാദേശികമായി പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കും.