കൽപ്പറ്റ: ജില്ലയിൽ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ാം വാർഷികം വിപുലമായി സംഘടിപ്പിക്കും. നവംബർ പത്തിന് കൽപ്പറ്റ പുതിയ ബസ്സ്സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സി.കെ.ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഇതിനു മുന്നോടിയായി കൽപ്പറ്റ നഗരസഭാ പരിസരത്ത് നിന്ന് വിളംബര ഘോഷയാത്ര ഉണ്ടാകും. പൊതുജനങ്ങൾ, സന്നദ്ധപ്രവർത്തകർ, വിദ്യാർത്ഥികൾ, ഗ്രന്ഥാശാല പ്രവർത്തകർ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരക്കും. പരിപാടിയുടെ നടത്തിപ്പിനായി ഉപസമിതികളെ തിരഞ്ഞെടുത്തു. പ്രോഗ്രാം കമ്മറ്റി അദ്ധ്യക്ഷയായി കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്‌സൻ സനിത ജഗദീഷിനെയും കൺവീനറായി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.രാധാകൃഷ്ണനെയും തിരഞ്ഞെടുത്തു. എക്‌സിബിഷൻ കമ്മിറ്റി ചെയർമാനായി കൽപ്പറ്റ നഗരസഭാ കൗൺസിലർ ടി.മണിയെയും, കൺവീനറായി വി.ഹാരിസിനെയും തിരഞ്ഞെടുത്തു. സ്റ്റേജ് കമ്മിറ്റി ചെയർമാനായി എ.ഡി.സി ജനറൽ പി.സി.മജീദിനെയും കൺവീനറായി ശുചിത്വമിഷൻ അസി.കോർഡിനേറ്റർ എ.കെ.രാജേഷിനെയും തിരഞ്ഞെടുത്തു.നവംബർ 10 മുതൽ 12 വരെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ ആർക്കിയോളജി, ആർക്കൈവ്‌സ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ചരിത്ര പ്രദർശനം നടത്താനും തീരുമാനിച്ചു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എ.ആർ.അജയകുമാർ, എ.ഡി.എം കെ.അജീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇൻചാർജ്ജ് എൻ.സതീഷ്‌കുമാർ, ജനപ്രതിനിധികൾ, ലൈബ്രററി കൗൺസിൽ ഭാരവാഹികൾ, സർവീസ് സംഘടനാ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.