കോഴിക്കോട്: മാനാഞ്ചിറയ്ക്ക് ചുറ്റുംപരസ്യ നിരോധനം കർശനമായി നടപ്പാക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. സർവകക്ഷി യോഗം ചേർന്ന് തീരുമാനമെടുത്തിട്ടും രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ കൊടിതോരണങ്ങൾ കെട്ടുന്നതും ഫ്ലക്സുകൾ വെക്കുന്നതും അനുവദിക്കാനാകില്ലെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ വ്യക്തമാക്കി.
ഇന്നലെ മാനാഞ്ചറയ്ക്ക് സമീപം ബി.ജെ.പി നടത്തിയ ഉപവാസ സമരത്തിന് കൊടികെട്ടിയ നടപടി ശരിയല്ല. സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഇത്തരം ശ്രമമുണ്ടായാലും നടപടി ഉണ്ടാകുമെന്ന് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. ബാബുരാജ് പറഞ്ഞു.ടി.സി. ബിജുരാജാണ് വിഷയം കൗൺസിൽയോഗത്തിൽ ശ്രദ്ധക്ഷണിച്ചത്.മാനാഞ്ചിറയ്ക്ക് ചുറ്റും കൊടിയും തോരണങ്ങളും മറ്റും വെച്ചത് ചോദ്യം ചെയ്ത കോർപ്പറേഷൻ ഉദ്യോഗസ്ഥരെ എസ്.ഡി.പി.ഐ പ്രവർത്തകർ കൈയേറ്റം ചെയ്തതായി അദ്ദേഹം ആരോപിച്ചു. നവ മാദ്ധ്യമങ്ങളിൽ ഉദ്യോഗസ്ഥർക്ക് വധഭീഷണി ഉണ്ടെന്നുംഅദ്ദേഹം പറഞ്ഞു.