കോഴിക്കോട്: തെരുവ് വിളക്ക് സ്ഥാപിച്ച് പരിപാലിക്കുന്നതിന് നേരത്തേവിവാദംസൃഷ്ടിച്ച കമ്പനിക്ക് തന്നെ കരാർ നൽകാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചതിനെ ചൊല്ലി കോളിളക്കം.
ഇന്നലെ ചേർന്ന കൗൺസിൽ യോഗമാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പ്രതിഷേധത്തിനിടെ വോട്ടെടുപ്പിലൂടെ അജണ്ടയ്ക്ക് അംഗീകാരം നൽകിയത്. 2016 ൽ നഗരസഭ കരാർ നൽകാൻ തീരുമാനിക്കുകയും അഴിമതിയാരോപണത്തെ തുടർന്ന് മാറ്റിവക്കുകയും ചെയ്ത കമ്പനിക്ക് തന്നെ കരാർ നൽകാനുള്ള തീരുമാനത്തെ പ്രതിപക്ഷത്തുനിന്ന് കെ.ടി. ബീരാൻകോയ എതിർത്തു. തോമസ് മാത്യുവും ഇതിനെതിരെ രംഗത്തെത്തി.
മാവൂർറോഡ്, രാജാജിറോഡ്, രാംമോഹൻ റോഡ്, ഗാന്ധിറോഡ് ജംഗ് ഷനിൽ വെള്ളയിൽ മുതൽ ഭട്ട് റോഡ് വരെ, എരഞ്ഞിപ്പാലം അരയിടത്ത് പാലം ബൈപ്പാസ്, കോതിപ്പാലം അപ്രോച്ച് റോഡ് എന്നിവിടങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ച് പകരം പരസ്യ ബോർഡുകൾ പ്രദർശിപ്പിക്കാനുള്ള അവകാശം ഈകമ്പനിക്ക് നൽകാനാണ് തീരുമാനം. പരസ്യബോർഡുകളുടെ വലിപ്പം കരാർ നൽകിയതിൽ നിന്ന് കൂട്ടിയെന്നപരാതിയെ തുടർന്ന് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ഇത് ക്ലറിക്കൽ തെറ്റ് മാത്രമായി കണ്ടാണ് ഇപ്പോൾ അതേ കമ്പനിക്ക് കരാർ നൽകുന്നത്. ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നമ്പിടി നാരായണൻ, യു.ഡി.എഫിൽ നിന്ന് പി.എം നിയാസ്, മുഹമ്മദ് ഷമീൽ എന്നിവർ എതിർത്തു. നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.സി അനിൽകുമാർ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
കെട്ടിട നികുതി അടയ്ക്കാത്ത ഫ്ലാറ്റുകളിൽ നിരവധി പേർ വർഷങ്ങളായി താമസിക്കുന്നുണ്ടെന്നും ഇക്കാര്യം കോർപ്പറേഷൻ പരിശോധിക്കണമെന്നും നമ്പിടി നാരായണൻ ആവശ്യപ്പെട്ടു. നടപടി ആരംഭിച്ചു കഴിഞ്ഞതായി ഡെപ്യൂട്ടി മേയർ മീര ദർശക് വ്യക്തമാക്കി. കെ.സി. ശോഭിത, കെ.ടി. സുഷാജ്, ഒ. ശരണ്യ ,വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. രാധാകൃഷ്ണൻ. ടി.വി. ലളിത പ്രഭ, ടി.സി. ബിജുരാജ്എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.