കോഴിക്കോട്: മുഖ്യമന്ത്രി ബി.ജെ.പിയിലേക്ക് ആളെ കൂട്ടുന്ന ഏജൻറായി അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് തളരുമ്പോൾ ആവശ്യമായ ഇന്ധനം നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഏക സിവിൽ കോഡ് നടപ്പാക്കാനും ശരിഅത്ത് നിയമങ്ങളെ പൊളിച്ചടുക്കാനുമുളള ആർ.എസ്.എസിന്റെ ശ്രമത്തിന് ചൂട്ട് പിടിച്ച് കൊടുക്കുകയാണ് സി.പി.എം . എല്ലാ വിശ്വാസങ്ങളെയും ധ്വംസിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. അതിന്റെ തുടർച്ചയാണ് ശബരിമല വിഷയത്തിൽ സി.പി.എമ്മിൻറെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസമാണെന്ന് പറയാൻ കോൺഗ്രസിന് കഴിയില്ല. എന്നാൽ അങ്ങനെ പറയുന്നവരുണ്ട്. അവരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. വ്യത്യസ്ത ആചാരങ്ങളെയും വിശ്വാസങ്ങളെയും സ്വീകരിക്കുന്ന രീതിയാണ് കോൺഗ്രസിന്.. യു.ഡി.എഫ് വിശ്വാസികൾക്കൊപ്പമാണ്. ഏത് മത വിശ്വാസികളുടെ പക്ഷത്തും കോൺഗ്രസുണ്ടാകും.
സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ധൃതി കാണിച്ചു. എന്നാൽ മുമ്പ് ചില കോടതി വിധികൾ ഉണ്ടായിട്ടും അവ നടപ്പാക്കാനായില്ലെന്ന് മാത്രമല്ല ചിലതിൽ പുനഃപരിശോധന ഹർജി വരെ കൊടുക്കാൻ തയ്യാറായി. കോടതി വിധിയോട് ബഹുമാനം കാണിക്കുന്നുവെന്ന് സി.പി.എം പറയുന്നു. എന്നാൽ മുമ്പ് പല ഘട്ടത്തിലുംഇവർ കോടതിയെ പരിഹസിച്ചിട്ടുണ്ട്, ജഡ്ജിമാരുടെ കോലം കത്തിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വർഗീയത പടർത്താൻ ശ്രമിക്കുന്നവരാണ്. ശബരിമല പ്രശ്നം സവർണ-അവർണ പ്രശ്നമാക്കി മാറ്റി വർഗീയത പടർത്താൻ മുഖ്യമന്ത്രി ശ്രമിച്ചു. ചരിത്രം പിണറായിക്ക് മാപ്പ് നൽകില്ല- അദ്ദേഹം പറഞ്ഞു.