sabarimala

കോഴിക്കോട്: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടുമായി മുന്നോട്ട് പോകുന്ന സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് സന്നിധാനത്ത് പ്രതിരോധം തീർക്കാൻ ആർ.എസ്.എസ് നേരിട്ടിറങ്ങും.

മുതിർന്ന സംഘപ്രചാരകൻമാരെ ആർ.എസ്.എസ് ഇതിനു വേണ്ടി നിയോഗിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും സന്നിധാനത്ത് സംഘപരിവാറുകാരെ താവളമടിക്കാൻ അനുവദിക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരാജയപ്പെടുത്താൻ മുഴുവൻ ശക്തിയുമെടുത്ത് പോരാടാനാണ് ആർ.എസ്.എസ് തീരുമാനം.

കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ വടക്കൻ ജില്ലകളിലെ സംഘർഷബാധിത പ്രദേശങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള കേഡർമാരെ നവംബർ 5ന് ആട്ടചിത്തിരയ്ക്ക് നടതുറക്കുമ്പോൾ സന്നിധാനത്തെത്തിക്കാനാണ് തീരുമാനം. കണ്ണൂർ ജില്ലയിൽ നിന്നുള്ള ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിക്കാണ് പ്രതിരോധത്തിന്റെ ചുമതല. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും പ്രവർത്തകരെ ഏകോപിപ്പിക്കാൻ സന്നിധാനത്തുണ്ടാകും. ആറന്മുള സമരനായകൻ കൃഷ്ണൻ കുട്ടി, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, വനവാസി വിഭാഗത്തിന്റെ നേതാവ് ആചാര്യ കുഞ്ഞോൻ എന്നിവരാണ് സമരം നയിക്കുക. കർഷകരെയും ദളിത് വിഭാഗത്തെയും സമരത്തിലേക്ക് എത്തിക്കുക എന്നതാണ് കൃഷ്ണൻ കുട്ടിയുടെ ചുമതല.

തുലാമാസ പൂജയുടെ സമയത്ത് ശബരിമലയിൽ നടന്ന പ്രതിഷേധം ആർ.എസ്.എസ് നിയന്ത്രണത്തിലല്ലായിരുന്നു. എന്നാൽ ഇനിയുള്ള സമരം കൃത്യമായ സംഘടനാചട്ടക്കൂടിലായിരിക്കുമെന്നാണ് ആർ.എസ്.എസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. വിശ്വാസികളെ കേസിൽ കുടുക്കി ജയിലിലടച്ച് ആത്മവീര്യം തകർക്കാനാണ് സർക്കാരിന്റെ നീക്കമെന്നും ഇത് അതിജീവിക്കാൻ ആർ.എസ്.എസ് നേരിട്ട് രംഗത്തിറങ്ങുകയാണെന്നും അവർ വ്യക്തമാക്കുന്നു.

സംസ്ഥാനം മുഴുവൻ ശക്തമായ ഹിന്ദു ഏകീകരണമുണ്ടായെന്നും കേരളത്തിൽ 75 വർഷമായുള്ള ആർ.എസ്.എസിന്റെ പ്രവർത്തനം ശബരിമല പ്രക്ഷോഭത്തിലൂടെ ലക്ഷ്യത്തിലെത്തുമെന്നും സംഘനേതൃത്വം കണക്കുകൂട്ടുന്നു.

1. യുവതികളെ തടയാൻ 50 വയസു കഴിഞ്ഞ അമ്മമാർ

2.ആയിരത്തോളം അമ്മമാരെ ദിവസവും എത്തിക്കാനുള്ള ചുമതല കെ.പി. ശശികലയ്ക്ക്

3.ശബരിമലയ്ക്ക് ചുറ്റുമുള്ള മലയരയ വിഭാഗത്തെ സംഘടിപ്പിക്കുന്നത് കുഞ്ഞോൻ

4.കർഷകരെയും ദളിതരെയും എത്തിക്കാൻ ആറന്മുള സമരനായകൻ കൃഷ്ണൻകുട്ടി