03
വയനാട് ഡി.സി.സി യോഗത്തിൽ കെ.സുധാകരൻ പ്രസംഗിക്കുന്നു

കൽപ്പറ്റ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എക്കാലത്തും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഒപ്പം നിന്നിട്ടുള്ള പാർട്ടിയാണെന്നും ശബരിമല വിഷയത്തിലും കോൺഗ്രസ്സിന്റെ സമീപനം അതുതന്നെയാണെന്നും കോൺഗ്രസ്സ് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. ഡി.സി.സി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്‌റുവിന്റെ കാലം മുതൽ കോൺഗ്രസ്സ് ഈ സമീപനമാണ് സ്വീകരിച്ച് വന്നിട്ടുള്ളത്. നെഹ്‌റു ഒരു വിശ്വാസി ആയിരുന്നില്ല. പക്ഷേ വിശ്വാസത്തേയും ആചാരങ്ങളേയും അദ്ദേഹം മാനിച്ചിരുന്നു. രാഹുൽ ഗാന്ധി ആ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. വ്യക്തിപരമായ അഭിപ്രായങ്ങളെക്കാൾ കോൺഗ്രസ്സ് പാർട്ടി എടുത്തിട്ടുള്ള നിലപാടിനോട് ഞാൻ യോജിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനെ മാദ്ധ്യമങ്ങളും സി.പി.എമ്മും ബി.ജെ.പിയും വളച്ചൊടിച്ച് വ്യാഖ്യാനിക്കുകയാണ് എന്ന് സുധാകരൻ പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് 'വിശ്വാസം സംരക്ഷിക്കുവാൻ സകുടുംബം കോൺഗ്രസ്സിനൊപ്പം' എന്ന മുദ്രാവാക്യം ഉയർത്തി കാസർകോട് നിന്ന് പത്തനംതിട്ടയിലേക്ക് വിശ്വാസ സംരക്ഷണ യാത്ര നടത്തും. യാത്രയ്ക്ക് നവംബർ 10 ന് ജില്ലയിൽ സ്വീകരണം നൽകും. 3.00 മണിക്ക് മാനന്തവാടി, 4.00 ന് ബത്തേരി, 5.00 ന് കൽപ്പറ്റ എന്നിങ്ങനെയായിരിക്കും ജില്ലയിൽ സ്വീകരണ സമയം. യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.കെ ജയലക്ഷ്മി, കെ.സി റോസക്കുട്ടി, കെ.എൽ പൗലോസ്, പി.വി ബാലചന്ദ്രൻ, കെ.കെ അബ്രാഹം, എം.എസ് വിശ്വനാഥൻ, പി.പി ആലി, വി.എ മജീദ്, കെ.വി പോക്കർ ഹാജി, കെ.കെ വിശ്വനാഥൻ, ഒ.വി അപ്പച്ചൻ, എൻ.എം വിജയൻ,ബിനു തോമസ്, ഡി.പി രാജശേഖരൻ, പി.എം സുധാകരൻ, എൻ.സി കൃഷ്ണകുമാർ, എടയ്ക്കൽ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. കമ്മന മോഹനൻ സ്വാഗതവും എം.എം രമേശ് നന്ദിയും പറഞ്ഞു.