great-escape
മഹിന്ദ്ര ഗ്രെയ്റ്റ് എസ്‌കേപ്പിൽ നിന്ന്

മേപ്പാടി: രാജ്യത്തെ ഏറ്റവും ജനപ്രിയ ഓഫ് റോഡ് സാഹസികതകളിലൊന്നായ മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പിന്റെ 154ാമത് എഡിഷൻ മേപ്പാടിയിൽ നടന്നു. ബൊലേറൊ, സ്‌കോർപ്പിയൊ, താർ 4ഃ4 എന്നിവയിൽ മത്സരാർഥികൾ വിസ്മയങ്ങൾ തീർത്തു.

അരപ്പറ്റയിലെ തേയിലത്തോട്ടങ്ങൾക്കും കുറ്റിക്കാടുകൾക്കും ഇടയിലൂടെ വാഹനങ്ങൾ സാഹസികമായി നീങ്ങിയപ്പോൾ കാണികൾക്കും അതൊരു വേറിട്ട കാഴ്ചയായി. ചന്നംപിന്നം പെയ്ത മഴയിൽ മണ്ണും പാറയും വഴുക്കിയപ്പോൾ മത്സരാർഥികളുടെ മുന്നിൽ വെല്ലുവിളിയേറി.

മത്സരത്തിൽ സ്റ്റോക്ക് വിഭാഗത്തിൽ സുജീഷ് കൊളത്തൊടി ഒന്നാം സ്ഥാനം നേടി. മോഡിഫൈഡ് വിഭാഗത്തിൽ നവാസ് ഷരീഫാണ് ചാംപ്യൻ. ഈ വിഭാഗത്തിൽ അതുൽ തോമസ്, അലൻ കെ. അബ്രഹാം എന്നിവർ യഥാക്രമം ഫസ്റ്റ് റണ്ണർ അപ്പും സെക്കൻഡ് റണ്ണർ അപ്പുമായി. വിജയികൾക്ക് നാസികിലെ ഇഗത്പുരിയിൽ മഹിന്ദ്ര അഡ്വെഞ്ചർ ട്രെയ്‌നിങ് അക്കാഡമിയിൽ നടക്കുന്ന ഗ്രാൻഡ് ഫിലായിൽ പങ്കെടുക്കാം. അവിടെ പുതിയ മഹിന്ദ്ര താർ സിആർഡിഇയാണ് ജേതാക്കളെ കാത്തിരിക്കുന്നത്.

1996ലാണ് ആദ്യമായി മഹിന്ദ്ര ഗ്രേറ്റ് എസ്‌കേപ്പ് ആരംഭിച്ചത്. താറിട്ട റോഡുകൾക്കപ്പുറം ദുർഘടമായ പാതകളിൽ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായിരുന്നു ഇത്. തുടക്കത്തിൽ മത്സരമില്ലാതെ നടന്നുവന്ന പരിപാടി 2012ൽ ഗോവയിൽവച്ച് ചാംപ്യൻഷിപ്പിലേക്ക് മാറി. വർഷങ്ങൾക്കിപ്പുറം രാജ്യത്തെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നായി മഹിന്ദ്ര ഗ്രേറ്റ് എസ്‌കേപ്പ് മാറി.