കോഴിക്കോട്: കണ്ടെയ്‌നര്‍ കയറ്റിറക്ക് സംബന്ധിച്ച് ഒരു വര്‍ഷത്തിലധികമായി ബേപ്പൂര്‍ തുറമുഖത്ത് നിലനിന്നിരുന്ന കൂലിത്തര്‍ക്കം ഒത്തുതീര്‍ന്നു. തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് ലയം കോണ്‍ഫറന്‍സ് ഹാളില്‍ തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയിലാണ് തര്‍ക്കം ഒത്തു തീര്‍ന്നത്.
കണ്ടെയ്‌നര്‍ ഇറക്കുന്നതിന് 400 രൂപയും ഒഴിഞ്ഞ കണ്ടെയ്‌നര്‍ കയറ്റുന്നതിന് 300രൂപയുമാണ് പുതുക്കിയ നിരക്ക്. നിലവില്‍ അത് യഥാക്രമം 325 , 275 രൂപയായിരുന്നു. പുതിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. തൊഴിലാളികള്‍ ഇതുവരെ കൂലി വാങ്ങാതെ ജോലി ചെയ്തുവരികയായിരുന്നു. കുടിശ്ശിക പഴയ നിരക്കില്‍ ഒരാഴ്ചയ്ക്കകം കപ്പലുടമകള്‍ കൊടുത്തു തീര്‍ക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
മൂന്ന് മാസത്തിലൊരിക്കല്‍ തൊഴിലാളികളുടെയും ഷിപ്പുടമകളുടെയും ഉദ്യോഗസ്ഥരുടെയും അവലോകനയോഗം നടത്തും. ആദ്യ അവലോകനയോഗം ജനുവരി 19ന് കോഴിക്കോട് കളക്ടറേറ്റില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
തൊഴില്‍ വൈദഗ്ദ്ധ്യം ആവശ്യമുള്ള ജോലിയായതിനാല്‍ അതിന് പ്രാപ്തരായ തൊഴിലാളികളെ കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനിച്ച് ആവശ്യമായ പരിശീലനം നല്‍കുന്നതിനുള്ള നടപടി കോഴിക്കോട്ട് പോര്‍ട്ട് ഓഫീസര്‍ സ്വീകരിക്കണമന്നും അദ്ദേഹം നിര്‍ദ്ദശിച്ചു. ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യമുണ്ടായാലും തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന നടപടി ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. തര്‍ക്കത്തിനിടയിലും തുറമുഖ പ്രവര്‍ത്തനം തടസ്സപ്പെടുത്താതെ കൂലിവാങ്ങാതെ ജോലി ചെയ്യാന്‍ തയ്യാറായ തൊഴിലാളികളുടെ സമീപനത്തെ മന്ത്രി അഭിനന്ദിച്ചു. ചര്‍ച്ചയില്‍ വി.കെ.സി മമ്മത് കോയ എം.എല്‍.എ, കോഴിക്കോട് ജില്ലാകളക്ടര്‍ യു.വി ജോസ്, കേരളമാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ വി.ജെ മാത്യു, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ എസ് തുളസീധരന്‍, കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ്, ട്രേഡ് യൂണിയന്‍, ഷിപ്പ് ഉടമകള്‍ എന്നിവരുടെ പ്രതിനിധികള്‍, തുറമുഖ ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.