നാട്ടകം മുട്ടം മേഖലയിൽ കുടിവെള്ളക്ഷാമം
കോട്ടയം: തുലാമഴ തകർത്ത് പെയ്യുന്നു, പക്ഷേ കുടിക്കാനൊരു തുള്ളി വെള്ളമില്ലെന്ന് വെച്ചാൽ. ഇത് നാട്ടകം മുട്ടം പ്രദേശത്തെ ആയിരകണക്കിന് ജനങ്ങളുടെ അവസ്ഥ. മിനി കുടിവെള്ള പദ്ധതി, ആർ.ഒ.പ്ലാന്റ് തുടങ്ങി നഗരസഭയുടെ എത്രയെത്ര വാഗ്ദാനങ്ങൾ. പക്ഷേ പ്രദേശവാസികളുടെ ദാഹമകറ്റാൻ പദ്ധതികളിൽ ഒന്നുപോലും നടപ്പിലാക്കിയിട്ടില്ല. പ്രളയം താണ്ഡവമാടിയ കോട്ടയം നഗരസഭയുടെ 43-ാം വാർഡായ മുട്ടത്ത് നിരവധി വീടുകൾ നശിച്ചിരുന്നു. ഒരു നേരത്തെ ആഹാരത്തിന് വകയുണ്ടാക്കാൻ നെട്ടോട്ടമോടുന്ന ജനങ്ങൾ കുടിവെള്ളം കൂടി വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ്. മുമ്പ് എട്ട് ദിവസം കൂടുമ്പോൾ വാട്ടർ അതോറിട്ടിയുടെ വെള്ളം എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി വാട്ടർ അതോറിട്ടിയുടെ കുടിവെള്ള വിതരണവും നിലച്ചു. നിരവധി സാധാരണക്കാർ തിങ്ങിപാർക്കുന്ന ഇവിടെ വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് സ്വന്തമായി കിണറുള്ളത്.ചെളിയും മാലിന്യവും അടിഞ്ഞു കിടക്കുന്ന മുട്ടത്തെ തോടുകളിൽ നിന്നും പാടശേഖരങ്ങളിൽ നിന്നും വരെ നിത്യോപയോഗങ്ങൾക്ക് വെള്ളം എടുക്കുന്നവരുണ്ട്.
ഇനിയും തീരാത്ത ദുരിതം
ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നാട്ടകം മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മൂന്ന് മാസത്തിനുള്ളിൽ ആർ.ഒ പ്ലാന്റ് സ്ഥാപിക്കുമെന്നായിരുന്നു ഒരു വർഷം മുമ്പ് നഗരസഭാ ചെയർപേഴ്സൺ ഡോ.പി.ആർ സോന നൽകിയ ഉറപ്പ്.നാട്ടകം കോടിമത, ഗസ്റ്റ്ഹൗസ് , മണിപ്പുഴ, മൂലവട്ടം, മുട്ടം, ചെട്ടിക്കുന്ന്,കണ്ണാടിക്കടവ്, മുപ്പായിക്കാട് , കളത്തൂര്, പത്ത്‌സെൻ്, എരമശ്ശേരി തുരുത്തന്മേൽച്ചിറ,തൃക്കൈയിക്കുന്ന്, പള്ളിക്കുടം, സൂചിക്കുന്ന് എന്നിവിടങ്ങളിൽ കുടിവെള്ളം ക്ഷാമം രൂക്ഷമാണ്.
മിനി കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചിട്ട് രണ്ട് വർഷമായി. താത്‌ക്കാലികമായെങ്കിലും കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കണം. വാട്ടർ അതോറിട്ടിയിലും നഗരസഭയിലും പരാതി അറിയിച്ചിരുന്നു. പക്ഷേ യാതൊരു പ്രയോജനവുമില്ല. ''അരുൺ ഷാജി (കൗൺസിലർ)
കോട്ടയം നഗരസഭ കുടിവെള്ള പദ്ധതികൾക്ക് എല്ലാ വർഷവും വാട്ടർ അതോറിട്ടിക്ക് ഫണ്ട് കൈമാറുന്നതാണ്. തട്ടിക്കൂട്ട് കുടിവെള്ള വിതരണ സംവിധാനം നിറുത്തലാക്കി സ്ഥിരമായ കുടിവെള്ള സംവിധാനം ഒരുക്കേണ്ടത് വാട്ടർ അതോറിറ്റിയാണ്.''
സനിൽ കെ.ജെ (പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ)