കോട്ടയം: ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള കേന്ദ്രസർക്കാർ സംരഭമായ ജൻ ഒൗഷധി മെഡിക്കൽ സ്റ്റോറുകളിലും മരുന്ന് ക്ഷാമം രൂക്ഷമായി. ഇതോടെ ജില്ലയിലെ ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഓർഡർ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും രോഗികൾക്ക് ആവശ്യമായ ജീവൻരക്ഷാമരുന്നുകൾ എത്തിയിട്ടില്ല. ആയിരക്കണക്കിന് സാധാരണക്കാരായ രോഗികളെയാണ് ഇത് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ കഴുത്തറപ്പൻ തുകയാണ് ഈടാക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ്, പുതുപ്പള്ളി,കഞ്ഞിക്കുഴി, മണർകാട്, പൈക, കാരിത്താസ് തുടങ്ങി ജില്ലയിൽ 45 ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. പലയിടത്തും മരുന്നില്ലെന്നു പറഞ്ഞ് രോഗികളെ പറഞ്ഞയക്കുകയാണ്. എറണാകുളത്തെ ഒരു ഏജൻസിയാണ് ജില്ലയിൽ മരുന്ന് വിതരണം ചെയ്യുന്നത്. പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങി ജീവിതശൈലി രോഗങ്ങൾക്ക് ഉൾപ്പെടെയുള്ള മരുന്നുകൾക്ക് അമ്പതു ശതമാനത്തിലധികം വിലക്കുറവുറവുണ്ടായിരുന്നു.
പാരാസെറ്റാമോളും ഇല്ല !
ചെറിയ കടകളിൽ പോലും ലഭിക്കുന്ന പാരാസെറ്റോമോൾ ഗുളിക പോലും ഇവിടെ ലഭിക്കാനില്ലെന്നാണ് ആക്ഷേപം. വിവിധതരം ആന്റിബയോട്ടിക്കുകൾ, അസിഡിറ്റിക്ക് ഉപയോഗിക്കുന്ന മരുന്നുകൾ, പ്രമേഹ മരുന്നുകൾ എന്നിവ എത്തിയിട്ട് മാസങ്ങളായി.
പുതിയ സ്റ്റോറുകൾ തുറക്കാനാകുന്നില്ല
നാഗമ്പടം, നാട്ടകം, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ജൻ ഔഷധി സ്റ്റോറുകൾ തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും മരുന്ന് ക്ഷാമം കാരണം തുറന്നു കൊടുക്കാനാകുന്നില്ല. ജൻ ഔഷധി വെബ്സൈറ്റ് തകരാറിലായതിനാൽ ഒാർഡർ നൽകാനും, പുതിയ സ്റ്റോറുകൾക്ക് അപേക്ഷ നൽകാനും സാധിക്കുന്നില്ല. മരുന്ന് വില്പനയിലൂടെ ഉടമയ്ക്ക് 20 ശതമാനം കമ്മിഷനും പ്രതിമാസം 10,000 രൂപ ഇൻസെന്റീവുമായിരുന്നു പ്രതിഫലം. കഴിഞ്ഞ ആറ് മാസമായി ഇൻസെന്റീവുമില്ല.
''ഡൽഹി കേന്ദ്രീകരിച്ചുള്ള പൊതുമേഖല കമ്പനികളാണ് മരുന്ന് ഉത്പാദിപ്പിക്കുന്നത്. അവിടെ നിന്നു ആവശ്യപ്പെടുന്ന മരുന്നുകൾ കേരളത്തിലേക്ക് എത്താതാണ് ക്ഷാമത്തിന് കാരണം. വിതരണക്കാർ മരുന്ന് എത്തിച്ചാലും മെഡിക്കൽ സ്റ്റോർ ഉടമകൾ കൃത്യമായി പണം നൽകാറില്ല. ഇതിനാൽ മിക്ക സ്ഥലങ്ങളിലും വിതരണം മുടങ്ങുന്നുണ്ട്.
ചന്ദ്രശേഖരൻപിള്ള ( ജൻ ഔഷധി മുൻ സംസ്ഥാന നോഡൽ ഓഫീസർ)