കോട്ടയം: നൂറുകണക്കിന് പക്ഷികളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ് ജില്ലാ വാണിജ്യ നികുതി വകുപ്പ് ഓഫീസിലെ മഴമരം. കോട്ടയം നേച്ചർ സൊസൈറ്റി നടത്തിയ കണക്കെടുപ്പിൽ 210 പക്ഷിക്കൂടുകളാണ് ഈ മരത്തിൽ കണ്ടെത്തിയത്. ഇത് റെക്കാഡാണ്. തകഴിയിലുള്ള ഒരു ആൽമരത്തിൽ ഇതിനു മുമ്പ് 165 കൂടുകൾ കണ്ടെത്തിയിരുന്നു. അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റിയതോടെ അതിലെ പക്ഷികളെല്ലാം കൂടൊഴിഞ്ഞു പോയി.
സൂര്യപ്രകാശം കടക്കാതെ നിരവധി ശിഖരങ്ങൾ കോർത്ത്, ഉയരത്തിൽ പടർന്നു പന്തലിച്ചു നിൽക്കുന്നതും, മറ്റ് ശല്യങ്ങൾ കുറവായതുമാണ് ഈ മരത്തിലേക്ക് കൂട്ടമായി ചേക്കേറാൻ പക്ഷികളെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. മഴമരത്തിൽ കൂട് കെട്ടിയിരിക്കുന്നതിൽ അധികവും വംശനാശ ഭീഷണി നേരിടുന്ന ചേരക്കോഴികളാണ്. മൂന്ന് തരം നീർകാക്കകളും, കുളകൊക്കുകളുമുണ്ട്.
നേരത്തെ നെഹ്‌റു സ്റ്റേഡിയത്തിന് സമീപത്തെ മരങ്ങളിൽ കൂടുകൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഇല്ല. നീർകാക്കകളുടെ വിഹാര കേന്ദ്രമായിരുന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ മരങ്ങളിലും ഇത്തവണ കൂടുകളില്ല. അതേസമയം, കുമരകം പക്ഷിസങ്കേതത്തിൽ കൂടുതൽ പക്ഷികളെത്തുന്നതായി കണ്ടെത്തി. 60 ലേറെ വർണകൊക്കുകളാണ് പക്ഷിസങ്കേതത്തിൽ മുട്ടയിടാനെത്തിയത്. ഇവിടെ പെലിക്കൻ പക്ഷിയുടെ അഞ്ചും ചേരക്കോഴികളുടെ 150 ഉം കഷണ്ടികൊക്കിന്റെ 50ഉം കൂടുകൾ കണ്ടെത്തി.
ജീവനക്കാർക്കു ശല്യം
പക്ഷിക്കൂടുകളുടെ എണ്ണത്തിൽ കോട്ടയം ചരിത്രം എഴുതുമ്പോൾ വാണിജ്യ നികുതി വകുപ്പ് ഓഫീസ് വളപ്പിലെ മഴമരം മുറിച്ചു മാറ്റണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കാഷ്‌ഠവും പക്ഷികളുടെ ശബ്‌ദവും ശല്യമുണ്ടാക്കുന്നതായാണ് പരാതി.
''നഗരത്തിൽ മരങ്ങളുടെ എണ്ണംകുറഞ്ഞതും മനൂഷ്യരുടെ ശല്യം കൂടിയതുമാണ് ഒരു മരത്തിൽതന്നെ കൂടുകൂട്ടാൻ ഇത്രയും പക്ഷികളെ പ്രേരിപ്പിച്ചത്. ഇത്രയും പക്ഷികൾ കൂടുകൂട്ടിയ ഈ മരംവെട്ടിമാറ്റുമോയെന്നാണ് ഇപ്പോഴത്തെ ആശങ്ക. പക്ഷികളുടെ കാഷ്‌ഠമാണ് ഉദ്യോഗസ്ഥർക്ക് ശല്യമെങ്കിൽ ഒരു പന്തൽ കെട്ടി അതു പരിഹരിക്കാവുന്നതേയുളളൂ. ''
ഡോ. ബി.ശ്രീകുമാർ (കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റ് )
ഒരാെറ്റ മരത്തിൽ
210
പക്ഷികൂടുകൾ