kavinpuram-thoolika-samar

പാലാ : വിജയദശമി നാളിൽ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ നടക്കുന്ന അത്യപൂർവമായ തൂലീകാപൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.  ശിവപാർവതിമാരുടെ മടിത്തട്ടിൽ പരിലസിക്കുന്ന സരസ്വതി ദേവിയുടെ സങ്കല്പത്തിൽ ഇവിടെ നടത്തുന്ന തൂലികാ പൂജയും പാരമ്പര്യ രീതിയിലുള്ള മണലിൽ എഴുത്തും മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത പ്രത്യേകതയാണ്.

സരസ്വതി മണ്ഡപത്തിൽ ഒമ്പതുനാൾ വിശേഷാൽ പൂജ നടത്തിയതിന് ശേഷമാണ് തൂലികകൾ വിതരണം ചെയ്യുന്നത്. പുസ്തകം പൂജയ്ക്കു വയ്ക്കുന്ന മുഴുവൻ വിദ്യാർത്ഥികൾ പൂജിച്ച പേനകൾ പ്രസാദത്തോടൊപ്പം സൗജന്യമായി വിതരണം ചെയ്യും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തുമ്പയിൽ രാമകൃഷ്ണൻ നായരാണ് തൂലികാ പൂജയ്ക്ക് ആവശ്യമായ പേനകൾ വഴിപാടായി സമർപ്പിച്ചുവരുന്നത്.

ഇത്തവണത്തെ തൂലികാ സമർപ്പണം ക്ഷേത്ര സന്നിധിയിൽ നടന്നു. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി, കാവിൻപുറം ദേവസ്വം മാനേജർ റ്റി.എൻ സുകുമാരൻ നായർ കമ്മറ്റിയംഗം ജയചന്ദ്രൻ നായർ വരകപ്പിള്ളിൽ എന്നിവർ ചേർന്ന് തുമ്പയിൽ രാമകൃഷ്ണൻ നായരിൽ നിന്നും തൂലികകൾ ഏറ്റുവാങ്ങി.  വിജയദശമി നാളിൽ രാവിലെ 7.30 മുതൽ വിദ്യാരംഭം. നടക്കും. ഫോൺ-9745260444.