vk-sreedharan-sahayadhana

പാലാ: ഇടപ്പാടി നിവാസികൾക്കും പരിചയമുള്ള മറ്റെല്ലാവർക്കും 'ആശാനച്ഛൻ' ആയിരുന്ന ഇടപ്പാടി വെട്ടത്ത് വി.കെ.ശ്രീധരന് (വെട്ടത്തു കുഞ്ഞേട്ടൻ) നാടിന്റെ അന്ത്യാഞ്ജലി. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട നൂറുകണക്കിനാളുകളാണ് ആദരാഞ്ജലി അർപ്പിക്കാൻ ഇന്നലെ ഇടപ്പാടി വെട്ടത്തു വീട്ടിൽ എത്തിയത്.

മീനച്ചിൽ താലൂക്കിൽ ചെത്തു തൊഴിലാളി യൂണിയൻ (എ.ഐ.റ്റി.യു.സി) സ്ഥാപിച്ച നേതാക്കളിൽ പ്രമുഖനായിരുന്നൂ, പാർട്ടി അംഗങ്ങൾക്കിടയിൽ 'സഖാവ് വെട്ടത്തു കുഞ്ഞേട്ടൻ' എന്നറിയപ്പെട്ടിരുന്ന ശ്രീധരൻ. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രസന്നിധിയിലാണ് മീനച്ചിൽ താലൂക്കിലെ ചെത്തു തൊഴിലാളി യൂണിയന്റെ രൂപീകരണമുണ്ടായത് എന്നതും പ്രത്യേകതയാണ്.

ദീർഘകാലം ചെത്തുതൊഴിലാളിയായിരുന്ന ശ്രീധരൻ പിന്നീട് ഇടപ്പാടിയിലെ ആദ്യകാല കളരി ആശാനായി മാറി. നൂറുകണക്കിന് കുട്ടികൾക്ക് അറിവിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയതോടെ 'ആശാനച്ഛൻ' എന്ന് വിളിപ്പേരായി. ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രമുൾപ്പെടെയുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ശ്രീധരൻ പൊതുപ്രവർത്തനത്തിലും സജീവമായിരുന്നു. അസുഖം മുലം വിശ്രമത്തിലായിട്ടും കഴിഞ്ഞ പ്രളയകാലത്ത് ദുരിതത്തിൽപ്പെട്ട നിരവധി കുടുംബങ്ങളെ വീട്ടിൽ വിളിച്ചുവരുത്തി സഹായധനം നൽകാനം ശ്രീധരൻ തയാറായി. ലണ്ടനിൽ ഉന്നത ഉദ്യോഗസ്ഥനായ മൂത്ത മകൻ വി.എസ്. സുധാകരന്റെ സഹായത്തോടെയാണ് ധനസഹായമെത്തിച്ചത്.

കെ.എം. മാണി എം.എൽ.എ., ജോസ് കെ. മാണി എം.പി., പി.സി. ജോർജ്ജ് എം.എൽ.എ, എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ, കൺവീനർ അഡ്വ. കെ.എം. സന്തോഷ്‌കുമാർ, കമ്മറ്റി അംഗങ്ങളായ ഷാജി കടപ്പൂര്, ഉല്ലാസ് മതിയത്ത്, സതീശ് മണി, ഷിബു കല്ലറയ്ക്കൽ, സജി മുല്ലയിൽ, രാജൻ കൊണ്ടൂർ, അനീഷ് ഇരട്ടയാനി, മീനച്ചിൽ യൂണിയൻ സംരക്ഷണ സമിതി കൂട്ടായ്മ രക്ഷാധികാരി ഡോ. സതീശ് ബാബു,പാലാ നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. ഡോ. സെലിൻ റോയി, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, കൗൺസിലർമാരായ ടോണി തോട്ടം, പ്രസാദ് പെരുംമ്പിള്ളിൽ, എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ, കിഴതടിയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ്ജ് സി. കാപ്പൻ തുടങ്ങിയവർ വി.കെ.ശ്രീധരന്റെ നിര്യാണത്തിൽ അനുശോചിച്ചു.