protest

കോട്ടയം: പെരുമഴയിൽ നിറഞ്ഞൊഴുകിയ പമ്പ തടസപ്പെടുത്തിയ നിർമാണ പ്രവർത്തനങ്ങൾ, സന്നിധാനത്ത് ഇറങ്ങിയ പുലി....അയ്യപ്പനു വേണ്ടി പ്രതിഷേധവുമായി ആളുകൾ തെരുവിലിറങ്ങിയ സ്ഥലങ്ങളിലെല്ലാം ആകാശത്ത് വട്ടമിട്ടു പറന്ന ശ്രീകൃഷ്ണപ്പരുന്ത്....സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ അയ്യപ്പഭക്തർക്ക് ആവേശമായി അയ്യപ്പന്റെ ദൃഷ്ടാന്തങ്ങൾ. ഇത് പ്രതിഷേധ സമരത്തിന്റെ ആവേശം ഇരട്ടിയാക്കി.

സുപ്രീം കോടതി വിധി വന്ന്  രണ്ടു ദിവസത്തിനു ശേഷമാണ് പെരുമഴയിൽ പമ്പ കരകവിഞ്ഞ്  പമ്പയിൽ നടന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം തടസപ്പെട്ടത്. വനിതകൾക്കായി അടുത്ത സീസണിനു മുന്നോടിയായി പമ്പയിൽ കൂടുതൽ സൗകര്യം  ഒരുക്കേണ്ട പ്രവർത്തനങ്ങൾ  പെരുമഴയിലും, പെരുവെള്ളത്തിലും ഒലിച്ചു പോയി.. ദേവഹിതം പാലിക്കാതെ സ്ത്രീകളെ ശബരിമലയിലേയ്ക്ക് പ്രവേശിപ്പിക്കാനുള്ള നീക്കത്തെ അയ്യപ്പൻ തന്നെ ഇടപെട്ട് തടഞ്ഞതാണെന്നായിരുന്നു വിശ്വാസികളുടെ പ്രഖ്യാപനം. ഇതിനു പിന്നാലെയാണ് ഞായറാഴ്ച ശബരിമല സന്നിധാനത്ത് പുലിയിറങ്ങിയത്.  . സന്നിധാനത്ത് നടപ്പന്തലിനു സമീപവും പതിനെട്ടാം പടിയുടെ പരിസരത്തും  കറങ്ങി നടന്നതായി ഗാർഡുമാർ പറയുന്നു. മാളികപ്പുറത്തിനു സമീപത്ത് വച്ച് പന്നികളെ പുലി ഭക്ഷണമാക്കുകയും ചെയ്തു. പന്നികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ദേവസ്വം ഗാർഡുമാർ പുലിയെ വിരട്ടിയോടിക്കുകയായിരുന്നു. സീസണിനു മുന്നോടിയായുള്ള ഒരുക്കൾ ഒരു വശത്ത് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സന്നിധാനത്ത് പുലിയെത്തിയത്.

കഴിഞ്ഞ ദിവസം പന്തളത്ത് നടന്ന വിശ്വാസ സംരക്ഷണ സമ്മേളനം മുതൽ കോട്ടയം,ചങ്ങനാശ്ശേരി,പാല., എരുമേലി തുടങ്ങി  നാമജപ ഘോഷയാത്ര നടന്നയിടത്തെല്ലാം ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നിരുന്നു . . ആകാശത്ത് ചിറക് വിടർത്തി പറന്ന കൃഷ്ണപ്പരുന്തിനെ കണ്ട് ഭക്തർ ആവേശത്തോടെ ശരണം വിളി മുഴക്കി. സർക്കാരിന്റെയും സുപ്രിം കോടതിയുടെയും തീരുമാങ്ങൾ മാറ്റാൻ അയ്യപ്പന് കഴിവുണ്ടെന്ന്  ഈ ലക്ഷണങ്ങൾ നൽകുന്ന സൂചനയെന്ന് വിശ്വാസികൾ  പറയുന്നു.വീടുവിട്ട് പുറത്തിറങ്ങാത്ത സ്ത്രീകൾ വരെ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുുള്ള  നാമജപഘോഷയാത്രയ്ക്ക്  ആരുടെയും  അനുമതിയോ  സമ്മർദ്ദമോ  ഇല്ലാതെ  ഒഴുകിയെത്തുന്നത് സംഘാടകരെ ആവേശം കൊള്ളിക്കുമ്പോൾ സർക്കാരും  ദേവസ്വം  ബോർഡും ഭക്തലക്ഷങ്ങളുടെ ആവേശത്തിനു മുന്നിൽ സുപ്രീം കോടതി വിധി  എങ്ങനെ നടപ്പാക്കുമെന്നറിയാതെ പകച്ചു നിൽക്കുകയാണ്.