കോട്ടയം: രണ്ടാഴ്ച പിന്നിട്ടിട്ടും കുടിവെള്ളവിതരണം പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയം നഗരസഭാ യു.ഡി.എഫ് കൗൺസിലർമാർ വാട്ടർ അതോറിറ്റ് ഓഫീസ് ഉപരോധിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ഡോ.പി.ആർ സോനയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11 ഓടെയാണ് വാട്ടർ അതോറിട്ടി ഓഫീസിലെത്തിയ കൗൺസിലർമാർ സുപ്രണ്ടിംഗ് എൻജിനിയർ സി.ഒ അനിതയെയാണ് ഉപരോധിച്ചത്. പൂവത്തുംമൂട് പമ്പ്ഹൗസ് വൃത്തിയാക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി നഗരസഭാ പ്രദേശത്ത് ജലവിതരണം തടസപ്പെടുത്തിയിരിക്കുകയാണ്. കോട്ടയം ടൗണിൽ ഭാഗീകമായാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. എന്നാൽ കഞ്ഞിക്കുഴി, ദേവലോകം, മുട്ടമ്പലം, നാട്ടകം, ഇല്ലിക്കൽ, തുടങ്ങിയ പ്രദേശങ്ങളിലേക്ക് ദിവസങ്ങളായി കുടിവെള്ളം എത്തിയിട്ടില്ല. പ്രദേശവാസികൾ ദിവസങ്ങളായി വെള്ളം വിലയ്ക്ക് വാങ്ങുകയാണ്. അതേസമയം പരാതി ഏറിയതോടെയാണ് കൗൺസിലർമാർ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിക്കാൻ തീരുമാനിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ കുടിവെള്ള വിതരണം പുന:സ്ഥാപിക്കുമെന്ന് സൂപ്രണ്ടിംഗ് എൻജിനിയൽ ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. കൗൺസിലർമാരായ എം.പി സന്തോഷ് കുമാർ, കെ.കെ പ്രസാദ്, രേഖ രാജേഷ്, ബിന്ദു സന്തോഷ് കുമാർ, സനിൽ കെ.ജെ, ജയശ്രീകുമാർ, ജാൻസി ജേക്കബ്, സാബു പുളിമൂട്ടിൽ, ലില്ലിക്കുട്ടി മാമൻ, ഷൈലജ ദിലീപ് കുമാർ,എസ്.ഗോപകുമാർ,ടിനോ.കെ. തോമസ്, രാധാകൃഷ്‌ണൻ കോയിക്കൽ, ടി.സി റോയി,ഷീന ബിനു,കുഞ്ഞുമോൻ കെ.എം, ഷീബാ പുന്നൻ എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.

നിയമനം വൈകുന്നു
കുടിവെള്ളത്തിനായി കോട്ടയം നഗരവാസികൾ നെട്ടോട്ടമോടുമ്പോൾ ടൗൺ ചുമതല വഹിക്കേണ്ട വാട്ടർ അതോറിട്ടി അസി.എൻജിനിയറുടെ (എ.ഇ) തസ്‌തിക കാലിയായി കിടക്കുന്നു. മൂന്ന് മാസമായി ഈ തസ്തികയിൽ നിയമനം നടത്തിയിട്ടില്ല. നിലവിൽ വാട്ടർ അതോറിട്ടി പബ്ലിക്ക് ഹെൽത്തിന്റെ (പി.എച്ച്) അസി. എൻജിനിയറായ പി.എൻ  ശ്രീജിത്തിനാണ് കോട്ടയം ടൗണിന്റെ അധിക ചുമതല.