കോട്ടയം : സർക്കാർ ധനസഹായം വാങ്ങി പുതിയ വീട് നിർമിക്കാൻ പ്രളയബാധിതർക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. വിവരശേഖരണ നടപടികളിലെ കാലതമാസമാണ് ധനസഹായ വിതരണവും ഇഴയാൻ കാരണം. ഇതുവരെ ജില്ലയിൽ 17,656 പേർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് തദ്ദേശവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം അടക്കമുള്ള ജില്ലകളിൽ ധനസഹായ വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വീട് പൂർണമായും തകർന്നവർക്കോ വാസയോഗ്യമല്ലാതെ മാറിയവർക്കോ ആണ് പ്രാഥമികഘട്ടത്തിൽ ധനസഹായം വിതരണം ചെയ്യുന്നത്. ദുരന്തബാധിതർ സ്വന്തമായി വീട് നിർമിക്കുമെന്ന വ്യവസ്ഥയിൽ ദുരന്തനിവാരണ നിധിയിൽ നിന്നും ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് പണം നൽകുക.
പ്രാഥമിക കണക്കനുസരിച്ച് ജില്ലയിൽ 578 വീടുകളാണ് വാസയോഗ്യമല്ലാതായത്. പായിപ്പാട്, മറവൻതുരുത്ത്, ഉദയനാപുരം, തിരുവാർപ്പ് കുമരകം പഞ്ചായത്തുകളിലും കോട്ടയം നഗരസഭാ പരിധിയിലുമാണ് ഏറെയും. 17060 വീടുകൾ ഭാഗികമായും നശിച്ചു. വീട് പൂർണമായും നശിച്ചവർക്ക് 4 ലക്ഷം രൂപയും ഭാഗികമായി നശിച്ചവർക്ക് 1 ലക്ഷം രൂപ മുതലുമാണ് നൽകുന്നത്. ഏതെങ്കിലും ഏജൻസികളോ സന്നദ്ധ സംഘങ്ങളോ സഹായം നൽകിയാൻ സർക്കാർ സഹായം ലഭിക്കില്ല. ഏറ്റവും അധികം നഷ്ടം സംഭവിച്ചത് പടിഞ്ഞാറൻ മേഖലയിലാണ്. ഉരുൾപൊട്ടലിൽ മീനച്ചിൽ താലൂക്കിലെ വീടുകളും നശിച്ചു. പരിസ്ഥിതിലോല മേഖലകളിൽ നിർമാണത്തിന് തടസമുള്ളതിനാൽ ഇവിടങ്ങളിൽ നശിച്ച വീടുകൾ എങ്ങനെ പുനർനിർമിക്കുമെന്നതിൽ വ്യക്തത കൈവന്നിട്ടില്ല.
പഞ്ചായത്തുകൾ
പൂർണമായി തകർന്നത്: 483
ഭാഗികമായി തകർന്നത്: 14151
നഗരസഭ
പൂർണമായും തകർന്നത്: 95
ഭാഗികം: 2909
\'\' തദ്ദേശ വകുപ്പാണ് സർവേ നടത്തുന്നത്. സർവേ പൂർത്തിയാക്കിയാലെ ധനസഹായം വിതരണം ചെയ്യാനാവൂ. ഒരാഴ്ചയിൽ കൂടുതൽ വൈകില്ല\'- ഡോ.ബി.എസ്.തിരുമേനി, കളക്ടർ