റെയിൽവേയുടെ നിർമ്മാണജോലികൾ ഇഴയുന്നു
ഏറ്റുമാനൂർ: കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ റെയിൽവേ ഇരട്ടപാത നിർമ്മാണം മുടങ്ങി. ഏറ്റുമാനൂരിലെ പുതിയ സ്‌റ്റേഷന്റെയും ഇരട്ടപ്പാതയുടെയും നിർമ്മാണം കഴിഞ്ഞ ജൂണിൽ പൂർത്തിയാകുമെന്നായിരുന്നു റെയിൽവേ അറിയിച്ചിരുന്നത്. എന്നാൽ നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങൾ നികത്തുന്നതുൾപ്പെടെയുള്ള ജോലികൾ മുടങ്ങിയിരിക്കുകയാണ്. ഇരട്ടപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നീലിമംഗലം പാലത്തിന് സമീപത്ത് നിന്നും നിലം നികത്തൽ ജോലികൾ ആരംഭിച്ചിരുന്നു. എന്നാൽ പരിത്രാണയ്ക്ക് സമീപമുള്ള റെയിൽവേ ഗേറ്റിന് സമീപം നിർമ്മാണം മുടങ്ങി. ഇവിടെ തോടിന് കുറുകെയുള്ള കലുങ്കിന്റെ നിർമ്മാണമാണ് ഇനി ആരംഭിക്കേണ്ടത്.
ഒന്നിനും വ്യക്തതയില്ല
ഇരട്ടപ്പാതയ്ക്കായി ഏറ്റുമാനൂരിനും കോട്ടയത്തിനുമിടയിൽ പല സ്ഥലങ്ങളിലും കലുങ്ക് നിർമ്മിക്കണം. എന്നാൽ നിർമ്മാണം എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നീലിമംഗലത്ത് ഇരട്ടപാതയ്ക്കായുള്ള പാലം നിർമ്മാണത്തിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല. കുറുപ്പന്തറ മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടപ്പാത കഴിഞ്ഞ ഏപ്രിലിൽ കമ്മിഷൻ ചെയ്യുമെന്നാണ് മുൻപ് റെയിൽവേ അറിയിച്ചിരുന്നത്. എന്നാൽ പാതയുടെ നിർമ്മാണം കോതനെല്ലൂർ പോലും പിന്നിട്ടിട്ടില്ല.