ജില്ലയിൽ ലഭിക്കേണ്ടത് 2.7 കോടി രൂപ
കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിലെ തൊഴിലാളികൾക്ക് ലഭിക്കാനുള്ളത് 2.7കോടി രൂപ. കഴിഞ്ഞ മൂന്ന് മാസമായി കേന്ദ്ര ഫണ്ട് മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം.അതേസമയം വേതനം ലഭിക്കാതെ വന്നതോടെ തൊഴിലാളികൾ പ്രതിഷേധത്തിലാണ്. 14 ദിവസത്തിനകം ജോലിയെടുത്ത വേതനം നൽകണമെന്നാണ് നിയമം. നൽകിയില്ലെങ്കിൽ നഷ്‌ടപരിഹാരത്തിനും തൊഴിലാളികൾക്ക് അർഹതയുണ്ട്. കഴിഞ്ഞ ഏപ്രിൽ മുതൽ ഒക്‌ടോബർ വരെ 9.35 ലക്ഷം തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചിരുന്നു.18 ലക്ഷം തൊഴിൽദിനങ്ങളായിരുന്നു ജില്ലയിൽ ഈ വർഷം ലക്ഷ്യമിട്ടിരുന്നത്.
മുമ്പിൽ വൈക്കം
തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ വൈക്കം ബ്ലോക്കാണ് മുമ്പിൽ. പഞ്ചായത്തുകളിൽ ഉദയനാപുരവും. പുല്ല് വെട്ട്, കാട് തെളിക്കൽ, പോള വാരൽ, കല്ല് നീക്കം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. കെട്ടിടം നിർമ്മാണം, ഇഷ്‌ട്ടിക ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ നിർമ്മാണം, കയർഭൂവസ്‌ത്രം വിരിക്കൽ,റോഡുകളുടെ പുനരുദ്ധാരണം, അംഗൻവാടി നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, പശുത്തൊഴുത്ത് നിർമ്മാണം തുടങ്ങിയ ജോലികളാണ് കഴിഞ്ഞ ഏഴ് മാസങ്ങളായി തൊഴിലാളികൾ ഏറ്റെടുത്ത് ചെയ്‌തിരുന്നത്. ഒരു കുടുംബത്തിന് 100 തൊഴിൽ ദിനങ്ങൾ എന്നതാണ് കണക്ക്.
ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്: 1.83 ലക്ഷം ആളുകൾ
നിലവിൽ ജോലി ചെയ്യുന്നത്: 82000 പേർ
സ്‌ത്രീ തൊഴിലാളികൾ:79000
ദിവസവേതനം: 271 രൂപ
സംസ്ഥാനത്ത് 31 കോടി രൂപ കുടിശികയുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് കുടിശിക തൊഴിലുറപ്പ് സ്റ്റേറ്റ് മിഷനിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്രം കനിയുമെന്നാണ് പ്രതീക്ഷ.
ജെ. ബെന്നി (തൊഴിലുറപ്പ് ജില്ലാ കോർഡിനേറ്റർ)
ഫണ്ടിന്റെ വിഹിതം കൂട്ടി വേതനം അടിയന്തരമായി വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ തയാറാകണം.ജോലി എടുപ്പിച്ചിട്ട് തൊഴിലാളികൾക്ക് നേരെ മുഖം തിരിക്കരുത്.
വി.എൻ വാസവൻ (സി.പി.എം ജില്ലാ സെക്രട്ടറി )
കേന്ദ്രസർക്കാരിൽ നിന്നും ഫണ്ട് കൃത്യസമയത്ത് വാങ്ങിച്ചെടുക്കുകയെന്നത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ലഭിച്ചില്ലെങ്കിൽ ബദൽ സംവിധാനം ഒരുക്കണം. \'\'
തിരുവഞ്ചൂർ രാധകൃഷ്‌ണൻ എം.എൽ.എ
തൊഴിലുറപ്പ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കേന്ദ്രത്തിന് കൈമാറാത്തതാണ് ഫണ്ട് വൈകാൻ കാരണം. പദ്ധതിക്ക് പരിഗണന നൽകാത്തത് സംസ്ഥാന സർക്കാരാണ്.
എൻ.ഹരി (ബി.ജെ.പി ജില്ലാ പ്രസിഡന്റ്)