കോട്ടയം: രണ്ടുതവണ വിതച്ച നെല്ല് പ്രളയം കൊണ്ടുപോയി,​ നഷ്ടപരിഹാരമൊട്ട് കിട്ടിയുമില്ല. കർഷക പ്രതീക്ഷകൾ തകിടംമറിയുകയാണ്. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും നെൽകൃഷി ചെയ്യാൻ ആളില്ലാതായി.തുലാമഴ ശക്തി പ്രാപിക്കാനാരിക്കെ ഇനിയൊരു ഭാഗ്യപരീക്ഷണത്തിനില്ലെന്നാണ് കർഷകർ പറയുന്നത്. രണ്ടാം കൃഷിക്ക് ആരും തയ്യാറാകാതെ വന്നാൽ അരി വില കുതിച്ചു കയറുന്ന ഗുരുതരസ്ഥിതിയുണ്ടാകും. അപ്പർകുട്ടനാട്ടിൽ 1500 ഏക്കറിൽ പുഞ്ചകൃഷിക്ക് കർഷകർ രണ്ടുതവണ വിതച്ചിരുന്നു. ഞാറ് പറിച്ചു നടന്ന ഘട്ടത്തിലെത്തിയപ്പോഴാണ് പ്രളയ ജലമെത്തിയത്. കുമരകം മൂലേപ്പാടത്ത് 135 ഏക്കറിലായിരുന്നു വിത. ഏക്കറിന് 40 കിലോ വിത്ത് സൗജന്യമായി കൃഷിഭവനിൽ നിന്ന് കർഷകർക്ക് നൽകിയതും രണ്ടാമത്തെ വെള്ളപ്പൊക്കത്തിൽ നശിച്ചു. ഇനി വിതയ്ക്കാൻ വിത്തില്ല. വെള്ളം വറ്റിച്ച് കൃഷി യോഗ്യമാക്കിയ പാടങ്ങളിൽ വീണ്ടും വെള്ളം കയറി. തുലാമഴ മുന്നിൽ നിൽക്കെ ഇനിയും വെള്ളം വറ്റിച്ച് മൂന്നാമതും കൃഷി ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല കർഷകർ.

പാടങ്ങളിൽ വെള്ളമിറങ്ങാത്തതിനാൽ വിത നിറുത്തണമെന്നും വിത്ത് കെട്ടരുതെന്നുമുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം കർഷകർ തള്ളി. കൃഷി വൈകുമെന്നു കണ്ട് കർഷകർ കൈവശമുള്ള വിത്ത് വിതയ്ക്കുകയായിരുന്നു. അതാണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്. കൃഷി നാശം തിട്ടപ്പെടുത്താത്തതാണ് നഷ്ടപരിഹാരം വൈകാൻ കാരണം. പുറം ബണ്ട് ,മോട്ടോർത്തറ, പമ്പ് സെറ്റ് തുടങ്ങിയവ നശിച്ചതിന്റെ നഷ്ടപരിഹാരം കിട്ടാത്തതിനാൽ ബാങ്ക് വായ്പയെടുത്ത കർഷകർ നിലയില്ലാക്കയത്തിലാണ്.

പോള നിറഞ്ഞ് പാടങ്ങൾ

പ്രളയം ജലം കൊണ്ടു വന്ന മണലും പോളയും പാടങ്ങളിൽ നിറഞ്ഞു കിടക്കുകയാണ്. ഇത് വാരി മാറ്റാതെ കൃഷി ചെയ്യാനാവില്ല. ജല നിർഗമന മാർഗങ്ങളുടെ തടസം നീക്കി ആഴം വർദ്ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കണം. പുറം ബണ്ട് കെട്ടി വെള്ളം വറ്റിച്ച ശേഷം വിത്തും വളവും കർഷകർക്ക് നൽകണം. കേരള സീഡ് അതോറിറ്റിയിൽ ഒരു മണി വിത്തില്ല. കർണാടക സീഡ് അതോറിറ്റിയിൽ നിന്ന് വിത്ത് ലഭിച്ചാലും കേരളത്തിലെ സാഹചര്യത്തിൽ രോഗ പ്രതിരോധ ശേഷി കുറഞ്ഞ ഈ വിത്ത് ഉപയോഗിച്ചാൽ കൃഷി നഷ്ടത്തിലാകും.